ഏറ്റുമാനൂർ ∙ യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണു; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും. പാലാ മുത്തോലി സ്വദേശിയായ വിജയൻ (50) ആണ് യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞു വീണത്. ഇന്നലെ വൈകിട്ട് 4ന് പാലാ ഡിപ്പോയുടെ ആർപി സി636 നമ്പർ ബസിൽ ആയിരുന്നു സംഭവം.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നു ബസിൽ കയറിയ വിജയൻ കോട്ടയത്തേക്കാണു ടിക്കറ്റ് എടുത്തത്. ബസ് കുമ്മണ്ണൂര് കഴിഞ്ഞതോടെ വിജയന്റെ ശാരീരിക അവസ്ഥ മോശമാകുന്നത് വൈക്കം സ്വദേശിയും പാലാ ഡിപ്പോയിലെ കണ്ടക്ടറുമായ ആർ.രൂപേഷ് ശ്രദ്ധിച്ചിരുന്നു. ബസിൽ നല്ല തിരക്കുണ്ടായിരുന്നു.
ഒരു യാത്രക്കാരനെ എഴുന്നേൽപിച്ച് വിജയനെ അവിടെ ഇരുത്തിയ ശേഷം ഷുഗർ കുറഞ്ഞ് പോയതാവാമെന്നു കരുതി മിഠായിയും വെള്ളം നൽകി.
യാത്ര തുടരുന്നതിനിടെ കിടങ്ങൂർ പിന്നിട്ടപ്പോൾ വിജയൻ കുഴഞ്ഞുവീഴുകയായിരുന്നു ഈ സമയം സഹയാത്രികരും അൽ-അസർ മെഡിക്കൽ കോളജിലെ നഴ്സുമായ ലക്ഷ്മിയും സുഹൃത്തും സഹായത്തിനെത്തി. ചെറിയ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഇരുവരും ചേർന്ന് സിപിആർ നൽകി. യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിൽ എത്രയും വേഗം ബസ് എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. പാലാ മേവട
സ്വദേശിയും കെഎസ്ആർടിസി ഡ്രൈവറുമായ കെ.ആർ.പ്രദീപ് രോഗിയുമായി പാഞ്ഞു. ഇന്നലെ രാവിലെ മുതൽ ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. ഈ കുരുക്കിനു നടുവിലൂടെ ലൈറ്റ് ഇട്ട്, നിർത്താതെ ഹോൺ മുഴക്കിയാണ് വിജയന്റെ ജീവനു വേണ്ടി കെഎസ്ആർടിസി ബസ് പാഞ്ഞത്.
വേഗത്തിൽ വാഹനം കാരിത്താസ് മാതാ ആശുപത്രിയിലെത്തി. ഇതിനിടെ വിജയന്റെ ഫോണിൽ നിന്നും വിവരം വീട്ടുകാരെ അറിയിച്ചിരുന്നു.
രോഗിയെ പിന്നീട് കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി. രോഗിയുടെ ചികിത്സ ഉറപ്പുവരുത്തുകയും ബന്ധുക്കളെത്തിയ ശേഷം അവരെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കുകയും ചെയ്ത ശേഷമാണ് ബസ് ജീവനക്കാർ തിരികെ പോയത്. ഒരു മണിക്കൂറോളം സർവീസ് വൈകിയെങ്കിലും ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായല്ലോ എന്ന ആശ്വാസത്തിലാണ് ബസ് ജീവനക്കാരും യാത്രക്കാരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

