കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായ് പോക്സോ കേസിൽ പ്രതി കെ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കർശന ഉപാധികളോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമടക്കമുള്ള വ്യവസ്ഥകളിലാണ് നടപടി.
ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും കടന്നുവന്നിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് കോടതി വിലയിരുത്തി. കൂടാതെ, മുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.
ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയുമാണ് വിചാരണക്കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നത്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് മുൻപ് ഈ ശിക്ഷ വിധിച്ചത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ പത്തുവയസ്സുകാരിയെ സ്കൂളിനകത്തും പുറത്തുമായി മൂന്നുതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയായിരുന്നു നടപടി.
കേസിന്റെ അന്വേഷണ ഘട്ടത്തിലും വിചാരണ വേളയിലും വലിയ തോതിലുള്ള രാഷ്ട്രീയ ചർച്ചകളും വിവാദങ്ങളും ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

