തൃശൂർ: ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും ദാരുണമായ അപകടമരണം സംഭവിച്ചിരിക്കുന്നു. അതിവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് കാൽനടയാത്രികൻ തൽക്ഷണം മരണത്തിന് കീഴടങ്ങി.
തളിക്കുളം ചേര്‍ക്കര സ്വദേശി രാജു (60) ആണ് ഈ ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ, ഗുരുവായൂർ ഭാഗത്തുനിന്നും അതിവേഗതയിൽ പാഞ്ഞുവന്ന ബൈക്ക് അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെയും, ബൈക്കിൽ യാത്രികരായിരുന്ന മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31), പാലക്കാട് പട്ടാമ്പി സ്വദേശി മുനീർ (38) എന്നിവരെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ അമ്മ: വിശാലാക്ഷി, ഭാര്യ: ബിജിത, മക്കൾ: രവീണ, ശ്രീയ.
കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു ദേശീയപാതയ്ക്ക് കുറുകെ തളിക്കുളം കൊപ്രക്കളത്ത് കാൽനടയാത്രക്കാർക്കായി അടിയന്തരമായി ഒരു മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായി ഉയർന്നു വരികയാണ്. ഈ ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിലും ജനപ്രതിനിധികളുടെ പിന്തുണയോടെയും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ്, മേൽപ്പാലം ഇല്ലാത്തതിന്റെ മാത്രം ദുരിതം കാരണം ഇവിടെ രണ്ടാമത്തെ ജീവനും പൊലിഞ്ഞത്.
കഴിഞ്ഞ ജൂലൈ 14നാണ് കൊപ്രക്കളത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ തളിക്കുളം സ്വദേശിയായ ഇക്ബാല്‍ കാറിടിച്ച് ദാരുണമായി മരിച്ചത്. ഈ വലിയ അപകടം നടന്ന് ഒരു മാസം തികയും മുൻപാണ് സമാനമായ രീതിയിൽ മറ്റൊരു ജീവൻകൂടി നഷ്ടപ്പെട്ടിരിക്കുന്നത്.
ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി വസിക്കുന്നവരാണ് അപകടത്തിൽ പെട്ട രണ്ടുപേരും.
കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്. ഈ പ്രദേശത്തെ കടുത്ത അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെ ആശ്രയിക്കുന്ന ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി കൊപ്രക്കളത്ത് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യമുയർത്തി ആക്ഷൻ കൗൺസിൽ നിലവിൽ വന്നത്.
തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് റഹ്മത്തുള്ള ചെയർമാനായും, പഞ്ചായത്തംഗങ്ങളായ ഇ വി എസ്. സ്മിത്ത് (കൺവീനർ), ഷെമീർ നാലകത്ത് (ട്രഷറർ), നാട്ടുകാരനായ പി ഡി ജിൻസ് (കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഒപ്പ് ശേഖരണം നടത്തി എം എൽ എക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

