ഏലൂർ ∙ ഉറ്റവരോ ഉടയവരോ ആരുമില്ലാത്ത ഉഷയ്ക്ക് പിന്തുണയുമായി നാടൊന്നാകെ ചേർന്നപ്പോൾ പുതുവർഷ ദിനത്തിൽ സമ്മാനമായി ലഭിച്ചത് റേഷൻ കാർഡ്. 2018ലെ പ്രളയത്തിൽ എല്ലാ രേഖകളും നഷ്ടപ്പെട്ട
ഉഷ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സിഎം കണക്ട് പരിപാടിയിൽ വിളിച്ചതാണ് വഴിത്തിരിവായത്. രേഖകൾ അനുവദിക്കുന്നതിന്റെ മുന്നോടിയായാണു റേഷൻ കാർഡ് ലഭ്യമാക്കിയത്.
പുതുവർഷദിനത്തിൽ രാവിലെ നഗരസഭാധ്യക്ഷ ലൈജി സജീവനും വാർഡ് കൗൺസിലറുമടക്കം ആശ്രയഭവനിലെത്തി റേഷൻ കാർഡ് കൈമാറിയപ്പോൾ ഉഷയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.
തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാതെ, ബന്ധുക്കളോ സ്വന്തമായി കിടപ്പാടമോ ഇല്ലാത്ത ഉഷ ഒറ്റമുറി വാടക വീട്ടിലായിരുന്നു കഴിഞ്ഞു വന്നത്. വീട്ടുജോലികൾ ചെയ്ത് ജീവിക്കുന്ന ഉഷയുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഏലൂർ സ്വദേശി കെ.എസ്.സൈനുദ്ദീനാണു മന്ത്രി പി.രാജീവ് മണ്ഡലത്തിൽ നടത്തിയ പബ്ലിക് സ്ക്വയറിൽ അപേക്ഷയുമായി എത്തിച്ചത്.
മന്ത്രി ഇടപെട്ട് നഗരസഭയുടെ ആശ്രയഭവനിൽ താമസിക്കാൻ ഇടം ലഭ്യമാക്കി. ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കിട്ടുന്ന മുറയ്ക്ക് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഉഷയ്ക്കു വീട് നൽകാനാണ് നീക്കം.റേഷൻ കാർഡ് കൈമാറിയ ചടങ്ങിൽ ഉപാധ്യക്ഷ ലീല ബാബു, കെ എസ് സൈനുദ്ദീൻ, കൗൺസിലർമാരായ ടിഷ വേണു, എ.ഡി.സുജിൽ, പി.ബി.രാജേഷ് എന്നിവരും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

