ബത്തേരി∙ കാട്ടാനയും മാനും കുരങ്ങുമെല്ലാമിറങ്ങി നെൽവയലുകളെ നാശത്തുരുത്താക്കിയപ്പോൾ കണ്ണീർ വാർത്ത കർഷകർക്കു കാവലാളുകളായി ഇതരനാട്ടുകാരും സഞ്ചാരികളും വയനാട്ടിലേക്ക്. നെൽവയലുകളും കൃഷിയിടങ്ങളും സംരക്ഷിക്കാൻ വൻ മരങ്ങൾക്കു മുകളിലും പാടങ്ങളുടെ നടുവിലും ഒരുക്കിയ ഏറുമാടങ്ങളിലും നിലമാടങ്ങളിലും കാവലിരിക്കാനാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സന്നദ്ധ പ്രവർത്തകരെത്തുന്നത്.
ഏറുമാടങ്ങളിൽ രാത്രി കഴിച്ചു കൂട്ടി വന്യജീവികളെ തുരത്തിയും വയനാടിന്റെ ഭംഗി ആസ്വദിച്ചു ഇവർ മടങ്ങുന്നു. എത്തിയവരെല്ലാം തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് കുറച്ചു ദിവസമെങ്കിലും ശുദ്ധവായു ശ്വസിക്കാൻ ആഗ്രഹിച്ചവരാണ്.
പ്രകൃതിയുമായി ഇണങ്ങി, കാടിന്റെ സുഖശീതളിമ ആസ്വദിച്ച് കോടമഞ്ഞിൽ അരിച്ചിറങ്ങുന്ന തണുപ്പിൽ ഏറുമാടത്തിലെ തുരത്തിൽ ജീവിതം ആസ്വാദ്യയകരമായിരുന്നെന്ന് മലയാളിയും പുനെയിൽ സ്ഥിരതാമക്കാരനുമായ സുനിൽ ടിറ്റോ പറയുന്നു.
കർഷകർക്കു കാവലാളുകളെ തേടിയുള്ള യാത്രയുടെ തുടക്കം ബത്തേരി സ്വദേശിയായ പോൾ മാത്യൂസിൽ നിന്നാണ്. മനുഷ്യ-മൃഗ സംഘർഷത്തിനുള്ള പരിഹാരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഹൈക്കോടതി നിർദേശിച്ച ടാസ്ക് ഫോഴ്സിന്റെ ചെയർമാനാണ് പോൾ മാത്യൂസ്, ഏറുമാടങ്ങളിൽ രാത്രി വസിച്ച് വിളകൾ സംരക്ഷിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പോൾ മാത്യൂസ് കഴിഞ്ഞ നവംബർ 23 ന് സമൂഹമാധ്യമത്തിൽ ഇട്ട
വിഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള യുവാക്കൾ താൽപര്യമറിയിച്ചെത്തി.
തുടർന്ന് ഇത്തരം സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു വാട്സാപ് കൂട്ടായ്മയുണ്ടാക്കി. പൂനെ സ്വദേശി സുനിൽ ടിറ്റോയെ അതിന്റെ കോ– ഓഡിനേറ്ററാക്കി.
ഇപ്പോൾ താൽപര്യമുള്ളവരെ മുൻഗണനയനുസരിച്ച് കൃഷിയിടക്കങ്ങളിലേക്കെത്തിക്കുന്നതിന്റെ ചുമതല സുനിലിനാണ്.
ഇതുവരെ 20 പേർ ഇത്തരത്തിൽ വടക്കനാട്ടെ ഗ്രാമത്തിലെത്തി മടങ്ങി. വടക്കനാട് ജയമണി, വള്ളുവാടി പ്രഭാകരൻ, പാറുവമ്മ, തോമംഗലം രതീഷ് എന്നിവരുടെ കൃഷിയിടങ്ങളിലെ ഏറുമാടങ്ങളിലാണ് ഇവർ തങ്ങിയത്.
ഭക്ഷണവും മറ്റു ചെലവുകളും സന്നദ്ധ പ്രവർത്തകർ തന്നെ വഹിക്കുന്നു.വയനാട്ടിൽ ഏകദേശം 17,000 ഹെക്ടർ നെൽവയലുകൾ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ്. നെൽപാടങ്ങളുടെ അതിർത്തികളിൽ നൂറു കണക്കിന് ഏറുമാടങ്ങളുണ്ട്.
കർഷകരുടെ നിർദേശങ്ങൾ
കാവലാളുകളായി എത്തുന്നവർക്ക് കർശന മാർഗ നിർദേശങ്ങളാണ് സംഘാടകർ നൽകുന്നത്.
വൈകിട്ട് 5 ന് ഏറുമാടത്തിൽ കയറിയാൽ കാട്ടാന വന്നാലും ഇല്ലെങ്കിലും പിറ്റേന്ന് രാവിലെ കർഷകർ വരുന്നതു വരെ താഴെയിറങ്ങാൻ പാടില്ല. രാവിലെ 5 മണിക്ക് മുൻപ് സ്ഥലത്ത് എത്തണം.
ഭക്ഷണവും പുതപ്പും കൊണ്ടുവരണം. സന്ധ്യയ്ക്കു മുൻപ് ഏറുമാടത്തിൽ കയറണം, നേരം പുലരുന്നതിന് മുൻപ് ഇറങ്ങരുത്.
തീ കത്തിക്കാനോ മദ്യപിക്കാനോ പാടില്ല. കാവലുകാർക്ക് ടോർച്ച് കർഷകൻ നൽകും.
ആനകൾ വന്നാൽ, ശബ്ദമുണ്ടാക്കുകയും കർഷകരെ അറിയിക്കുകയും വേണം
ഇനിയും വരാൻ താൽപര്യം
സമൂഹമാധ്യമത്തിൽ പോൾ മാത്യൂസിന്റെ പോസ്റ്റ് കണ്ട ഞാൻ ഡിസംബർ ആദ്യവാരം ബത്തേരിയിൽ എത്തി.
തൃശൂരിൽ നിന്നുള്ള രണ്ടു യുവാക്കളും കൂടെയെത്തി. കാട്ടാനകളുടെ വരവ് നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ രാത്രി മുഴുവൻ ഊഴമനുസരിച്ച് വടക്കനാട്ടെ ഏറുമാടത്തിൽ ഉണർന്നിരുന്നു.
കുറച്ച് മാനുകളെ മാത്രമേ കണ്ടുള്ളൂ. തണുപ്പും കാലാവസ്ഥയും സുഖകരമായിരുന്നു, ഇനിയും വരാൻ താൽപര്യമുണ്ട്.
സുനിൽ ടിറ്റോ, സോഫ്റ്റ് വെയർ പ്രഫഷനൽ, പൂനെ
20 ദിവസം കാവൽ ലഭിച്ചു
കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ എന്റെ നാലേക്കറിൽ നെൽകൃഷി ചെയ്യുന്നു.
വന്യജീവികൾ കൂട്ടത്തോടെ എത്തുന്നതിനാൽ സമീപ വർഷങ്ങളിൽ അധ്വാനത്തിന് ഫലമില്ലാത്ത അവസ്ഥയാണ്. രാത്രിയിൽ കാട്ടാനക്കൂട്ടങ്ങൾ വയലിൽ കയറി വിള നശിപ്പിക്കുന്നു.
വിള സംരക്ഷിക്കാൻ സന്നദ്ധപ്രവർത്തകർ എത്തുന്നത് വലിയ ആശ്വാസമാണ്.എന്റെ കൃഷിയിടത്തിൽ 20 ദിവസത്തോളം കാവലു കിട്ടി. പകൽ മുഴുവൻ കൃഷിപ്പണി ചെയ്ത് രാത്രി മുഴുവൻ ഉറങ്ങാതെ കാവലിരിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ല.
വിളവെടുപ്പിന് ഒരു മാസം മുൻപാണ് വയലിൽ പകലും രാത്രിയും കാവലു വേണ്ടത്. സന്നദ്ധ പ്രവർത്തകർ വന്നതോടെ കർഷകർക്ക് ഉറക്കം കിട്ടിയെന്നതാണ് നേര്.
ജയമണി, കർഷകൻ വടക്കനാട്
ഫണ്ടിന്റെ അഭാവം കാരണം വകുപ്പ് നിസ്സഹായത പ്രകടിപ്പിച്ചു
കൊയ്ത്തു സീസണിൽ ജാഗ്രത പാലിക്കാൻ വനം വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ ഒരു അപേക്ഷ നൽകിയിരുന്നു. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി വകുപ്പ് നിസ്സഹായത പ്രകടിപ്പിച്ചപ്പോൾ, വിളകൾ സംരക്ഷിക്കാൻ സന്നദ്ദ പ്രവർത്തകരുടെ സഹായം തേടാൻ കർഷകരോട് നിർദ്ദേശിക്കുകയായിരുന്നു.
അതിന്റെ ഫലമാണ് ഇന്നത്തെ കാവലാൾ ഗ്രൂപ്പ് പോൾ മാത്യൂസ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

