കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ പി എം ശ്രീയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ രംഗത്ത്. പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിച്ചാലും ഒരു തരത്തിലുള്ള വർഗീയ അജണ്ടയും കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്കൂളുകളിൽ സംസ്ഥാന സിലബസ് മാത്രമേ പഠിപ്പിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ എൽ ഡി എഫ് സർക്കാർ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും, നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി ഇതിൽ നിന്നും പിന്മാറാൻ സാദ്ധ്യമല്ലെന്നും മന്ത്രി എൻ ഷംസുദീൻ ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലാക്കില്ലെന്ന മുൻകാലങ്ങളിലെ യു ഡി എഫ് നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഏതെങ്കിലും പ്രസംഗമോ പ്രയോഗമോ വെച്ച് വിഷയത്തെ സെൻസേഷൻ ചെയ്യേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തിന് യാതൊരുവിധ നഷ്ടവും വരാത്ത രീതിയിൽ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്.
ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന കണക്കിൽ 304 സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടേണ്ടിയിരുന്നതെങ്കിലും, നിലവിൽ 265 സ്കൂളുകൾ തിരഞ്ഞെടുക്കാനാണ് കേന്ദ്രത്തിന്റെ പുതിയ ആശയവിനിമയത്തിൽ അറിയിച്ചിട്ടുള്ളത്. ഈ വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതി ഉടൻ തന്നെ യോഗം ചേരുമെന്നും, അതിനുശേഷമാകും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
അതേസമയം, പി എം ശ്രീയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് രംഗത്തെത്തി. അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർ ഇപ്പോൾ അത് നടത്തിക്കാണിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
വെറുതെ വാഗ്ദാനം നൽകാൻ മാത്രമല്ല, അത് പാലിക്കാനുള്ള നട്ടെല്ല് ഭരണാധികാരികൾക്ക് ഉണ്ടാകണമെന്നും പി രാജീവ് വിമർശിച്ചു. എൽ ഡി എഫ് സർക്കാർ ഒരു ധാരണപത്രത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും, പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിർത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി എം ശ്രീ കരാറിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം യാതൊരുവിധ ഫണ്ടും ലഭിച്ചിട്ടില്ലെന്നും, വിഷയത്തിൽ യാതൊരുവിധ മന്ത്രിസഭാ തീരുമാനവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്.
എൽ ഡി എഫ് സർക്കാർ ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ സർക്കാരും തയ്യാറാകണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

