നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ, ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന നിർമാണം വീണ്ടും ടോപ്പ് ഗിയറിൽ. മാസങ്ങൾക്കുള്ളിൽ പണി തീർക്കാൻ തീവ്ര ശ്രമം.
സ്റ്റേഷനിലേയ്ക്ക് 2 കവാടങ്ങളും 4 പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജും കാർ, ഇരുചക്ര വാഹന പാർക്കിങ്ങും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അമൃത് ഭാരത് പദ്ധതി. ആശുപത്രി ജംക്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർവശത്തായി 2 വഴികളും കവാടങ്ങളും നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
രണ്ടിടത്തായി കാർ പാർക്കിങ്ങും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിങ് യാർഡുമാണ് ഇതുവരെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞത്. പ്ലാറ്റ്ഫോമുകളുടെ നിർമാണവും ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷത്തോടനുബന്ധിച്ചാണ്, കേന്ദ്ര റെയിൽവേ മന്ത്രാലയം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് ‘അമൃത് ഭാരത് സ്റ്റേഷൻ’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്.
തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴിനെയും നെയ്യാറ്റിൻകരയെയുമാണ് തിരഞ്ഞെടുത്തത്. നെയ്യാറ്റിൻകരയ്ക്കൊപ്പം നിർമാണം തുടങ്ങിയ ചിറയിൻകീഴിൽ പണി തീർന്നെങ്കിലും നെയ്യാറ്റിൻകരയിൽ നിർമാണം എങ്ങുമെത്തിയിരുന്നില്ല. പുതിയ സംവിധാനം ഒരുക്കാൻ സ്റ്റേഷനു ചുറ്റും ഭാഗികമായി പൊളിച്ചതോടെ യാത്രക്കാർ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിയത്.
വാഹനങ്ങൾ പാർക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ റെയിൽവേ സ്റ്റേഷൻ വരെ നടന്നു പോകുമ്പോഴാണ് യാത്രക്കാർ കൂടുതൽ ദുരിതം അനുഭവിച്ചിരുന്നത്.
ശുഭ്രവസ്ത്രം ധരിച്ച് എത്തിയ പലരും ട്രെയിനിൽ കയറുമ്പോൾ അവരുടെ വസ്ത്രത്തിന്റെ നിറം ചെളിയുടെ ചുവപ്പായി. ഇരുചക്ര വാഹനങ്ങളും നേരെ ചൊവ്വേ പാർക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയായിരുന്നു.
മഴയിൽ ദുരിതം ഇരട്ടിയായിരുന്നു. മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി.
പിന്നീടാണ് നിർമാണത്തിനു വേഗം വച്ചത്. നെയ്യാറ്റിൻകരയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തെയും മറ്റെവിടെയോ ജോലിയുമായി ബന്ധപ്പെട്ട് മാറ്റിയിരുന്നു.
തൊഴിലാളികൾ കുറഞ്ഞതാണ് അന്ന് നിർമാണത്തിന്റെ വേഗം കുറയാൻ കാരണം. ഇപ്പോൾ കാര്യങ്ങൾക്ക് മാറ്റമുണ്ടായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

