ദില്ലി: വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
നടന്നത് ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക പരിപാടിയാണെന്നും പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ഒരു രാഷ്ട്രീയ സംഘടനയുടെ ഗാനം ആലപിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തികഞ്ഞ അഹങ്കാരവും സാമാന്യ മര്യാദയുടെ ലംഘനവുമാണ്.
മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ ഒരു വിദ്യാലയത്തിന്റെ ഭാഗത്തുനിന്നും അനുവദിക്കില്ല. കുട്ടികൾ നിരപരാധികളായതിനാൽ അവർക്കെതിരെ നടപടിയുണ്ടാകില്ല.
ഗണഗീതം ദേശഭക്തി ഗാനമാണെന്ന പ്രിൻസിപ്പലിന്റെ വാദത്തെയും മന്ത്രി തള്ളി. ദേശഭക്തി ഗാനം ഏതാണെന്ന് തീരുമാനിക്കേണ്ടത് പ്രിൻസിപ്പലല്ല.
വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
എറണാകുളം സൗത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് വിവാദ സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ശേഷം വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ വെച്ച് ഗണഗീതം ആലപിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചെങ്കിലും, വിവാദമായതോടെ പിൻവലിക്കുകയും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേഭാരത് സർവീസാണിത്.
എറണാകുളം – ബെംഗളൂരു റൂട്ടിലോടുന്ന ട്രെയിനിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെ 11 സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്.
608 കിലോമീറ്റർ ദൂരം 9 മണിക്കൂർ കൊണ്ട് പിന്നിടും. ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും.
മടക്കയാത്രയിൽ പുലർച്ചെ 5.10-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്ത് തിരിച്ചെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

