കൊച്ചി ∙ ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്ന ജസ്റ്റിസ് കെ. ജോൺ മാത്യു (93) അന്തരിച്ചു.
മേപ്രാൽ കാട്ടാപ്പുറത്ത് കുടുംബാംഗമാണ്. 1954-ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം.
1959-ൽ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി. 1979-ൽ ഗവ.
പ്ലീഡറും 1982-ൽ സീനിയർ ഗവ. പ്ലീഡറുമായി.
കൊച്ചി സർവകലാശാലയിലെ നിയമ വകുപ്പിൽ 1973 മുതൽ 1977 വരെ വിസിറ്റിങ് ലക്ചറർ ആയിരുന്നു. 1984-ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1994-ൽ വിരമിക്കുന്നത് വരെ ആ പദവിയിൽ തുടർന്നു.
1989-ൽ 209 പ്രവൃത്തി ദിവസങ്ങളിൽ 28,221 കേസുകൾ തീർപ്പാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
വിരമിച്ച ശേഷം സുപ്രീം കോടതി അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിക്കുകയും 2003 വരെ ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2005-ൽ കേരളത്തിലെ തീരപ്രദേശങ്ങളിലെ ധാതുമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിഷന്റെ തലവനായും പ്രവർത്തിച്ചു.
2009 മുതൽ 2014 വരെ സംസ്ഥാന സർക്കാർ രൂപീകരിച്ച ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയുടെ ചെയർപഴ്സനായും പ്രവർത്തിച്ചു.
2002 മുതൽ 2007 വരെ സെബി നോമിനി ഡയറക്ടറായും കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായും പ്രവർത്തിച്ചു. 2008 മുതൽ 2017 വരെ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചു.
2001 മുതൽ 2024 വരെ പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ (പിസിഎസ്ജെ) പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ വർക്കിങ് കമ്മിറ്റി അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും തലക്കോട് സെന്റ് മേരീസ് ബോയ്സ് ഹോമിൻ്റെയും ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ലിസി ഹോസ്പിറ്റൽ, ലൂർദ് ഹോസ്പിറ്റൽ എന്നിവയുടെ എത്തിക്സ് കമ്മിറ്റികളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചു. ഭാര്യ ഗ്രേസി.
മക്കൾ: സൂസൻ അജിത് (സുമ), മേരി ജോയ് (സുജ), ആനി തോമസ് (മിനി). മരുമക്കൾ: അജിത് മാത്യു പുളിപ്പടവിൽ (റിട്ട.
എച്ച്എൻഎൽ), എൻ.ജെ.ജോയ് നടുപറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ഐസക് മാടത്തിമ്യാലിൽ (ബിസിനസ്). മൃതദേഹം ശനിയാഴ്ച (നവംബർ 8) രാവിലെ 7.30ന് വീക്ഷണം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുവരും.
രാവിലെ 8.30ന് വസതിയിലെ പ്രാർഥനകൾ ആരംഭിക്കും. രാവിലെ 9.30 മുതൽ എളംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരി ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് 11.30ന് സംസ്കാരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

