ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകളും നവീകരണങ്ങളുമായി സാംസങ് ഹെൽത്ത് ആപ്പ് എത്തുന്നു. സ്ലീപ്പ് കോച്ചിംഗ് ഫീച്ചറിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം, ഒറ്റനോട്ടത്തിൽ കൂടുതൽ വിവരങ്ങൾ നൽകുന്ന പുതിയ വിഷ്വൽ ഗ്രാഫും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, ഭക്ഷണത്തിന്റെ ചിത്രം പകർത്തിയാൽ അതിലെ ചേരുവകളും കലോറിയും മറ്റും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന സവിശേഷതയും ഇതിലൂടെ ലഭ്യമാകുന്നു. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ അപ്ഡേറ്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച ശീലങ്ങൾ വളർത്തിയെടുക്കാനും വ്യക്തിഗത ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് സാംസങ് സ്ലീപ്പ് കോച്ചിംഗ്. ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കാൻ ഇനി മുതൽ കഴിഞ്ഞ രണ്ട് ആഴ്ചയിലെ വെറും മൂന്ന് ദിവസത്തെ വിവരങ്ങൾ മാത്രം മതിയാകും.
മുൻപ് ഇതിനായി ഒരു മാസത്തിൽ ഏഴ് ദിവസത്തെ ഡാറ്റ ആവശ്യമായിരുന്നു. ഉറക്കവുമായി ബന്ധപ്പെട്ട
വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന പുതിയ “പെന്റഗൺ ആകൃതിയിലുള്ള സ്ലീപ്പ് ബാലൻസ് ഗ്രാഫും” ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറങ്ങിയ സമയം, ഉറക്കത്തിലെ കൃത്യത, രാത്രിയിലെ ഉണർവിൻ്റെ സമയം, ഉറക്കത്തിലെ സംതൃപ്തി, എനർജി സ്കോർ എന്നിവയുൾപ്പെടെയുള്ള പ്രധാന വിവരങ്ങളെല്ലാം ഇതിലൂടെ ഒറ്റനോട്ടത്തിൽ അറിയാൻ സാധിക്കും.
കൂടാതെ, സാംസങ് റണ്ണിങ് കോച്ച് ഫീച്ചറും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഡൈനാമിക് ആയ പരിശീലന അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശീലന ടയറുകൾ 10 ലെവലുകളിൽ നിന്ന് 12 ആയി ഉയർത്തിയിരിക്കുന്നു.
സ്റ്റ്രാവാ (Strava) ഉപയോഗിക്കുന്നവർക്ക് ഡാറ്റ സാംസങ് ഹെൽത്തിലേക്ക് ഇമ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. വിജയങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാനായി ഡാറ്റ എക്സ്പോർട്ട് ചെയ്യാനും സാധിക്കും.
അമേരിക്കയിലെ ഉപയോക്താക്കൾക്കായി ബീറ്റാ പതിപ്പിൽ ‘സ്കാൻ മീൽ’ (Scan Meal) എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ഒരു ഫോട്ടോ എടുത്താൽ മതിയാകും; സ്കാൻ മീൽ അത് വിശകലനം ചെയ്ത് ഭക്ഷണത്തിലെ പോഷകങ്ങൾ, ചേരുവകൾ, കലോറി എന്നിവയുടെ വിശദാംശങ്ങൾ നൽകും.
ഇതിലൂടെ ഡയറ്റ് ചോയ്സുകൾ കൂടുതൽ എളുപ്പമാകും. ഡയറ്റ് സ്കോർ ‘നീഡ്സ് അറ്റൻഷൻ, ഫെയർ, ഗുഡ്, എക്സലന്റ്’ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
നിലവിൽ സാംസങ് ഹെൽത്ത് ആപ്പിലൂടെ ഈ പുതിയ ഫീച്ചറുകൾ ലഭ്യമായിതുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

