കൂറ്റനാട് ∙ മഞ്ഞുമ്മൽ ബോയ്സ് സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ ചാലിശ്ശേരിക്കും അഭിമാനമുഹൂർത്തം. കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയുടെ മികവിനു കൂടിയുള്ള അംഗീകാരമാണ് സിനിമയ്ക്കു ലഭിച്ച സംസ്ഥാന അവാർഡ്. മഞ്ഞുമ്മൽ ബോയ്സിൽ പ്രൊഡക്ഷൻ ഡിസൈനറായാണ് അജയൻ പ്രവർത്തിച്ചത്.
സിനിമയിൽ കൊടൈക്കനാലിലെ ഗുണകേവ്സിനെ പെരുമ്പാവൂരിലേക്കു പറിച്ചുനട്ട അജയൻ മാജിക്കിൽ പിറന്നത് മലയാളത്തിൽ എക്കാലത്തും ഓർത്തുവയ്ക്കാനുള്ള ചലച്ചിത്ര അനുഭവങ്ങളിലൊന്നായി.
60 ദിവസംകൊണ്ടാണ് ഈ സെറ്റ് പൂർത്തിയാക്കിയത്.
സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സിനിമയ്ക്കായി നടത്തിയ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണിതെന്നും അജയൻ മലയാള മനോരമയോട് പറഞ്ഞു. ചാലിശ്ശേരി കൗക്കോട് കൊല്ലഴിപ്പറമ്പിൽ പരേതനായ അപ്പുണ്ണിയുടെയും മീനാക്ഷിയുടെയും മകനായ അജയന്റെ കലാസംവിധാനത്തിൽ പിറവിയെടുക്കുന്ന സൃഷ്ടികൾ ചാലിശ്ശേരിയെന്ന ഗ്രാമത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. അച്ഛൻ അപ്പുണ്ണി ചിത്രരചന, വാദ്യം, നാടൻകല എന്നിവയിലെ അറിയപ്പെട്ട
കലാകാരനായിരുന്നു. വരയിൽ അച്ഛന്റെ പൈതൃകം പകർന്നുകിട്ടിയ അജയന്റെ തുടക്കം തുളസി ഡിസൈൻസിലൂടെയാണ്.
ചാലിശ്ശേരി പോസ്റ്റ് ഓഫിസിനു സമീപം ഒറ്റ ഷട്ടർ മുറിയിൽ ആരംഭിച്ച സ്ഥാപനത്തിൽ ബാനറുകൾ, ബോർഡുകൾ, വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ എന്നിവ തയാറാക്കി നൽകിയിരുന്നു.
ചെറുപ്പത്തിൽ തന്നെ സിനിമകളോട് അതിയായ താൽപര്യമുണ്ടായിരുന്ന അജയൻ പഴയ സിനിമാശാലയായ ദേവി ടാക്കീസിലെ നിത്യ സാന്നിധ്യമായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ദേവി ടാക്കീസ് വിസ്മൃതിയിലായെങ്കിലും സിനിമാക്കമ്പം തുടർന്നു. ബസന്ത്, സുനിൽ ബാബു, ഗോകുൽദാസ്, മനുജഗദ് എന്നിവർ സിനിമാ സെറ്റിലെ സ്ഥാപനങ്ങളുടെ ബോർഡ് എഴുതാനും ചെറിയ ചിത്രപ്പണികൾക്കുമായി അജയനെ സഹായിയായി കൂടെക്കൂട്ടിയതാണു വഴിത്തിരിവായത്.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ് അജയൻ സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ച ആദ്യ സിനിമ.
അജയൻ കലാസംവിധാനം നിർവഹിച്ച ഒരു സിനിമയിലെ ഫ്ലാഷ്ബാക്കിനായി രൂപപ്പെടുത്തിയ ബസിന് പണ്ടുകാലത്ത് ചാലിശ്ശേരിയിലൂടെ ഓടിയിരുന്ന ബസിന്റെ പേരായ ‘ഇട്ടിയച്ചൻ’ എന്നാണ് പേരുനൽകിയത്. ഇതുൾപ്പെടെ ചാലിശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലേയും ഒട്ടേറെ സംഭവങ്ങളും ഓർമകളും അജയന്റെ കലാസംവിധാനത്തിലൂടെ സിനിമകളിൽ സ്ഥാനം നേടിയിട്ടുണ്ട്.
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഇദ്ദേഹത്തിന് വലിയ അവസരങ്ങൾ ലഭിച്ചു.
മഹേഷിന്റെ പ്രതികാരം, ഇടുക്കി ഗോൾഡ്, പത്തൊൻപതാം നൂറ്റാണ്ട്, ഇരുൾ, കോൾഡ് കേസ്, ട്രാൻസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഈ കലാകാരന്റെ ചിത്രചാരുത സിനിമാപ്രേമികൾ ആസ്വദിച്ചിട്ടുണ്ട്. നിലവിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഐ ആം ഗെയിം എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുകയാണ്.
ഭാര്യ സബിത, മക്കൾ: ദയക്കുട്ടി, യുവാൻ. ഇളയസഹോദരൻ അഭിലാഷ് ചാലിശ്ശേരി ചുമർചിത്രകലയിൽ സജീവമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

