കൊച്ചിയിലെ ജൂത സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന പൈതൃക കെട്ടിടമായ ഫോർട്ട്കൊച്ചിയിലെ കോഡർ ഹൗസിൽ വൻ തീപിടിത്തമുണ്ടായി. നെഹ്റു പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ മൂന്നുനില ചരിത്ര സ്മാരകത്തിന്റെ മുകളിലെ നിലയിലാണ് ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ തീപിടിത്തമുണ്ടായത്.
ശക്തമായ കടൽക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് തീ പെട്ടെന്ന് തന്നെ കെട്ടിടത്തിലാകെ ആളിപ്പടരുകയായിരുന്നു. 1808ൽ സാമുവൽ എസ്.കോഡർ ഇന്നത്തെ രൂപത്തിലേക്ക് പുനർനിർമിച്ച ഈ കടുംചുവപ്പ് കെട്ടിടം, പോർച്ചുഗീസ്-യൂറോപ്യൻ ശൈലികളും കേരളീയ ഘടകങ്ങളും ഇഴചേർന്ന ഇന്തോ-യൂറോപ്യൻ വാസ്തുവിദ്യയുടെ പ്രതീകമാണ്.
അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് മുംബൈ സ്വദേശികൾ പുറത്തുപോയതും, മറ്റ് മുറികളിൽ താമസക്കാർ ഇല്ലാതിരുന്നതും, ജീവനക്കാരെ കൃത്യസമയത്ത് ഒഴിപ്പിച്ചതും വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. എങ്കിലും മുംബൈ സ്വദേശികളുടെ മുറിയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. മുകളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകാരാണ് വിവരം ആദ്യം അധികൃതരെ അറിയിച്ചത്.
മട്ടാഞ്ചേരിയിൽ നിന്നും കൊച്ചിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയെങ്കിലും, ആദ്യമെത്തിയ വാഹനങ്ങളിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നു. ഇത് തീ കൂടുതൽ പടരാൻ ഇടയാക്കി.
തുടർന്ന് ക്ലബ് റോഡ്, ഗാന്ധിനഗർ, തൃക്കാക്കര, അരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ഒപ്പം നാവികസേനയും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി. തീപിടിത്തം നിയന്ത്രിക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ അഭ്യർത്ഥന പ്രകാരം നാവികസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
ഐഎൻഎസ് ദ്രോണാചാർ, ഐഎൻഎസ് വെണ്ടുരുത്തി, ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ നിന്നുള്ള ഡിഫൻസ് ഫയർ ടെൻഡറുകൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിക്കുകയുണ്ടായി. ഒമ്പത് യൂണിറ്റുകൾ ചേർന്ന് രണ്ട് മണിക്കൂറിലധികം നീണ്ട
കഠിനമായ പരിശ്രമത്തിനൊടുവിലാണ് രാത്രി ഒൻപതരയോടെ തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ മുൻവശത്തുകൂടി പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, പിൻവശത്തുകൂടി കയറിയാണ് രക്ഷാപ്രവർത്തകർ തീയണച്ചത്.
കാറ്റ് ശക്തമായത് കാരണം സമീപത്തെ സ്ഥാപനങ്ങളിലേക്കും ഹോട്ടലിന്റെ മുന്നിലെ മരത്തിലേക്കും തീ പടരുന്ന അടിയന്തര സാഹചര്യമുണ്ടായെങ്കിലും സമയോചിതമായ ഇടപെടൽ വലിയ അപകടം തടഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വീണ്ടും തീ പടരാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകളും ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

