പരവൂർ∙ സംഗീത സംവിധായകൻ ജി.ദേവരാജന്റെ ഓർമകളുമായി സംസ്ഥാനത്ത് ആദ്യമായി മ്യൂസിയം പ്രവർത്തന സജ്ജമായി. പഠന ഗവേഷണ കേന്ദ്രം കൂടിയാണു പരവൂർ ആർട്സ് സൊസൈറ്റി ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ദേവരാജൻ മാസ്റ്റർ മ്യൂസിയം.
പരമ്പരാഗത മ്യൂസിയം ശൈലിയിൽ നിന്നു വ്യത്യസ്തമായി ചരിത്ര വിദ്യാർഥികൾക്കും സംഗീത പ്രേമികൾക്കും മലയാള നാടക-സിനിമ ഗാനശാഖയുടെ സമഗ്രമായ ചരിത്രം വിവരിക്കുന്ന രീതിയിലാണു ഡിസൈൻ.
നെടുങ്ങോലം വടക്കേമുക്ക് നിലാ വീട്ടിൽ സാബു നെടുങ്ങോലമാണു ഡിസൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കിയത്. 10 ദിവസം കൊണ്ട് സാബുവും 3 തൊഴിലാളികളും ചേർന്നാണു മ്യൂസിയം ഡിസൈൻ അവസാന ഘട്ടം പൂർത്തീകരിച്ചത്.
1955 ലാണ് ജി.ദേവരാജൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ‘കാലം മാറുന്നു’ എന്ന സിനിമ പുറത്തിറങ്ങുന്നത്. ഒഎൻവി കുറുപ്പാണു ഗാനരചയിതാവ്.
ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഗ്രാമഫോൺ റിക്കോർഡിനു ചുറ്റും മാസ്റ്ററുടെ ചലച്ചിത്ര മേഖലയിലെ മറ്റ് ഗാനരചയിതാക്കളുമായുള്ള കൂട്ടുകെട്ട് വിവരിക്കുന്ന ഡിസൈൻ മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്. വയലാർ, പി.ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിങ്ങനെ അനശ്വര ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചവരെല്ലാം റിക്കോർഡിനു ചുറ്റുമുണ്ട്.
സംഗീതത്തിൽ കവിത രചിക്കുന്ന സംഗീതജ്ഞനായാണ് ജി.ദേവരാജൻ അറിയപ്പെടുന്നത്.
ഇതിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിവർത്തിപ്പിടിച്ച പുസ്തകത്തിൽ നിന്ന് വീഴുന്ന സപ്ത സ്വരങ്ങൾ നിലത്തു സ്ഥാപിച്ചിരിക്കുന്ന സംഗീത ഉപകരണങ്ങളിൽ പതിച്ച് സംഗീതം കേൾക്കുന്ന ഇൻസ്റ്റലേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഫാസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സാബു നെടുങ്ങോലം കലാ സംവിധായകൻ ജയ്സിങ്ങിനൊപ്പം സഹായിയായും നടൻ രാജൻ പി.ദേവ് സംവിധായകനായപ്പോൾ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.
മ്യൂസിയത്തിനൊപ്പം പഠന ഗവേഷണ കേന്ദ്രവുമുള്ളതിനാൽ ചരിത്രത്തിലെ ആധികാരിക രേഖകളും വസ്തുതകളും ഉൾപ്പെടുത്തിയാണു ഡിസൈൻ പൂർത്തീകരിച്ചതെന്നും ഡിജിറ്റൽ മ്യൂസിയത്തിന്റെ സാധ്യതകൾ ഉപയോഗിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു.
ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നിലയിൽ 5 മുറികളിലായാണു മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിച്ചിരിക്കുന്നത്. ജി. ദേവരാജൻ സംഗീത സംവിധാനത്തിന് ഉപയോഗിച്ച സംഗീത ഉപകരണങ്ങൾ, അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ, ഗാനങ്ങളുടെ നൊട്ടേഷനുകൾ, പാട്ടുകളുടെയും പുസ്തകങ്ങളുടെയും ശേഖരം, അദ്ദേഹം സംഗീത ലോകത്തിന് സമ്മാനിച്ച ഷഡ്കാല പല്ലവികൾ, അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ രചനകൾ, സംഗീത സംവിധാനം നടത്തിയപ്പോൾ ഉപയോഗിച്ചിരുന്ന ചൂരൽ കസേര, മേശ എന്നിവ മ്യൂസിയത്തിന്റെ ഭാഗമാണ്.
അദ്ദേഹത്തിന്റെ 98ാം ജന്മവാർഷിക ദിനത്തിൽ ഭാര്യ ലീലാമണി ദേവരാജനാണ് മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തത്.
മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ ജി. ദേവരാജന്റെ ജീവിതരേഖയായി ജിജോ പരവൂർ പകർത്തിയ 80 ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

