ജറുസലം ∙ രാജ്യത്തിനകത്ത് കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. മുതിർന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഇറാൻ ഭരണകൂടത്തിന്റെ ശ്രമമാണ് ടൈംസ് ഓഫ് ഇസ്രയേൽ പുറത്തുവിട്ട
റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്രയേലിനുള്ളിൽ നുഴഞ്ഞുകയറി ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനായി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ കണ്ടെത്തി ചുമതലയേൽപ്പിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ മൊസാദ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫ്രാൻസിൽ താമസിക്കുന്നതും ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതുമായ ‘ഫിലിപ്പ്’ എന്ന് വിളിപ്പേരുള്ള വ്യക്തിയെയാണ് ഇതിനായി ഇറാനിയൻ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ ചർച്ചകൾക്കായി ഇയാൾ പലതവണ ഇറാൻ സന്ദർശിച്ചിരുന്നു.
കൂടാതെ, ഇസ്രയേലിൽ എത്തുന്ന വിദേശ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാനും ഇയാൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ദീർഘകാലമായി ഈ രഹസ്യനീക്കങ്ങൾ മൊസാദിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
ഇറാനിൽവെച്ച് ഫിലിപ്പുമായി ബന്ധപ്പെട്ടവരുടെയും ഈ ദൗത്യം ഏൽപ്പിച്ച ഉദ്യോഗസ്ഥരുടെയും മുഴുവൻ വിവരങ്ങളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇസ്രയേലിനുള്ളിൽ നുഴഞ്ഞുകയറി ഭീകരാക്രമണങ്ങൾ അഴിച്ചുവിടാനുള്ള ഇറാന്റെ സമാനമായ നിരവധി ശ്രമങ്ങൾ വിജയകരമായി തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും മൊസാദിനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

