പശ്ചിമേഷ്യ വീണ്ടും കലുഷിതമായേക്കുമെന്ന സൂചനകൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഈ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.
പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും ഇതുമൂലം വൻ ഭീതിയിലാണ്.
സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.
ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്.
ഇതുവരെ ഉണ്ടായതിനേക്കാൾ വലുത്. ഞാൻ ഒരു തീരുമാനമെടുക്കാൻ അടുത്തിരിക്കുകയാണ്.
ഞങ്ങൾ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്” എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ടെഹ്റാനിൽ നിലനിൽക്കുന്നതിനിടെയാണ് യുഎസ് പ്രസിഡൻ്റിന്റെ പ്രതികരണം വന്നിരിക്കുന്നത്. എന്നാൽ, ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

