മുംബൈ: പൂണെയിൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം അഴിച്ചുവിടുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ജിതു കിഷോരിലാൽ സരോജ് (30) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം പൂണെ സുഖ് സാഗർ നഗറിൽ സമർഥ് ഡയറിക്ക് സമീപത്തായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സുഹൃത്തിനെ കാത്ത് റോഡരികിൽ നിൽക്കുകയായിരുന്ന 18-കാരിക്ക് നേരെയാണ് പ്രതി അതിക്രമം അഴിച്ചുവിട്ടത്.
പെൺകുട്ടിയുടെ സമീപത്തെത്തിയ പ്രതി ആദ്യം ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് സമീപത്ത് തന്നെ നിലയുറപ്പിച്ച ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും പെൺകുട്ടിയെ എടുത്തുകൊണ്ടുപോകാനും ശ്രമിക്കുകയുമാണുണ്ടായത്.
ഈ അതിക്രമം ചെറുത്ത പെൺകുട്ടി ഇതിനിടെ ഉറക്കെ ബഹളംവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ സുരക്ഷിതയാക്കുകയും അക്രമിയെ തടഞ്ഞുവെച്ച് കൈകാര്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ പ്രതി നാട്ടുകാരിൽ ഒരാളുടെ മൊബൈൽഫോൺ പിടിച്ചുപറിഞ്ഞ് റോഡിലെറിഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. പിന്നീട് നാട്ടുകാർ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ ഇയാൾക്കെതിരേ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും, പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അധികാരികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

