രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പെൺകുട്ടികളായ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ പ്രിൻസിപ്പലിനെതിരെ കർശന നടപടി. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന ഇരുനൂറോളം വിദ്യാർഥികളെയാണ് പ്രിൻസിപ്പൽ ഇത്തരത്തിൽ ജലാശയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വനപാതയിലൂടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ രണ്ട് കിലോമീറ്ററോളം നടന്നുപട്ടാണ് സംഘം ചെക്ക് ഡാമിൽ എത്തിയത്. വനിതാ അധ്യാപകരുടെ സാന്നിധ്യമില്ലാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളുമായി ഈ യാത്ര നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു ഈ വിവാദ സംഭവം നടന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് കുട്ടികളെ അപകടമേഖലയിലേക്ക് കൊണ്ടുപോയത്.
ജലാശയത്തിൽ കുട്ടികൾക്കൊപ്പം പ്രിൻസിപ്പൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രദേശവാസികൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയായിരുന്നു. നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് പ്രിൻസിപ്പൽ കുട്ടികളെ ഇവിടേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നീന്തൽ പരിശീലനത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിൽ ഉയർത്തിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതിയെത്തുടർന്ന് വിഷയം ഗൗരവമായി കണ്ട
വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
മുൻപ് ഒട്ടേറെ ആളുകൾ മുങ്ങിമരിച്ചിട്ടുള്ള അപകടമേഖയാണിത്. സുരക്ഷയുടെ ഭാഗമായി നാല് വർഷമായി ഈ ജലാശയത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് അധികൃതർ വിലക്കിയിട്ടുള്ളതാണെന്നും എന്നിട്ടും ഈ നിയമങ്ങൾ ലംഘിച്ചാണ് പ്രിൻസിപ്പൽ വിദ്യാർഥികളെ അങ്ങോട്ട് കൊണ്ടുപോയതെന്നും നാട്ടുകാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

