പ്രമുഖ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ എസ്യുവിയായ കൈലാഖിന്റെ പുതിയ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചു. കൈലാഖ് സ്പോർട്ട്ലൈൻ എന്ന പുതിയ വകഭേദത്തിലൂടെ കമ്പനി തങ്ങളുടെ ഉൽപ്പന്ന നിര കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്.
11.32 ലക്ഷം മുതൽ 12.32 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയിലാണ് ഇന്ത്യയിൽ ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. കൈലാഖ് നിരയിലേക്ക് കൂടുതൽ സ്പോർട്ടി രൂപഭംഗിയുള്ള സ്പോർട്ട്ലൈൻ പതിപ്പ് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
മിഡ്-സ്പെക്ക് സിഗ്നേച്ചർ+ ഉയർന്ന വകഭേദമായ പ്രസ്റ്റീജ് എന്നിവയ്ക്കിടയിലായാണ് പുതിയ കൈലാഖ് സ്പോർട്ട്ലൈൻ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളുടെ സ്പോർട്ട്ലൈൻ (Sportline) വകഭേദങ്ങളെ പോലെ, കൈലാഖിലും വാഹനത്തിന് കൂടുതൽ സ്പോർട്ടി ഭാവം നൽകുന്ന നിരവധി പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
17 ഇഞ്ച് അലോയ് വീലുകൾ, ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ, ബമ്പറുകളിലെയും റൂഫിലെയും ഫോക്സ് സ്കിഡ് പ്ലേറ്റുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. കൂടാതെ റൂഫിൽ ഘടിപ്പിച്ച സ്പോയിലറും വാഹനത്തിന് കരുത്തുറ്റ രൂപം നൽകുന്നു.
സി-പില്ലറിലും ടെയിൽഗേറ്റിലും പുതിയ ‘സ്പോർട്ട്ലൈൻ’ ബാഡ്ജുകൾ നൽകിയിട്ടുണ്ട്. കൂടുതൽ ആകർഷകമായ ലുക്കിനായി ടെയിൽ-ലൈറ്റുകൾക്കിടയിലുള്ള സ്കോഡ എന്ന പേര് കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്.
കോർണറിംഗ് ഫംഗ്ഷനോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകളും പ്രൊജക്ടർ എൽഇഡി ഹെഡ്ലൈറ്റുകളും ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ കൈലാഖ് വകഭേദം കൂടിയാണിത്. അതേസമയം, താഴ്ന്ന വകഭേദങ്ങളിൽ എൽഇഡി റിഫ്ലെക്റ്റർ അടിസ്ഥാനമാക്കിയുള്ള ഹെഡ്ലൈറ്റുകളാണ് കമ്പനി നൽകിയിട്ടുള്ളത്.
വാഹനത്തിന്റെ അകത്തളത്തിലേക്ക് വരുമ്പോൾ, ഇരുണ്ട നിറത്തിലുള്ള ക്യാബിൻ തീം ആണ് നൽകിയിരിക്കുന്നത്.
ഇതിൽ വെള്ള നിറത്തിലുള്ള സ്റ്റിച്ചിംഗോട് കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകളും ഹെഡ്റെസ്റ്റുകളിൽ ‘സ്പോർട്ട്ലൈൻ’ എന്നെഴുതിയ ഭാഗവുമുണ്ട്. അലുമിനിയം പെഡലുകളും വെള്ള നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗും വാഹനത്തിന്റെ സ്പോർട്ടി സ്വഭാവം കൂടുതൽ പ്രകടമാക്കുന്നു.
സിംഗിൾ-പെയ്ൻ സൺറൂഫ്, 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കറുകൾ, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജർ എന്നിവയാണ് പ്രധാന സവിശേഷതകൾ. മറ്റ് വകഭേദങ്ങളിൽ ഉള്ളതുപോലെയുള്ള 1.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിൻ തന്നെയാണ് ഈ പുതിയ സ്പോർട്ട്ലൈനിലും ഉപയോഗിച്ചിരിക്കുന്നത്.
ഇത് 115hp കരുത്തും 178Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്.
പ്രത്യേക ‘സ്പോർട്ട്ലൈൻ ആക്സസറി പാക്ക്’ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം കൂടുതൽ വ്യക്തിഗതമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

