ഉയർന്ന നിലവാരമുള്ള പാട്ടുകൾ കേൾക്കുമ്പോൾ ചിലപ്പോൾ ശബ്ദത്തിൽ വ്യക്തതക്കുറവോ മാന്ദ്യമോ അനുഭവപ്പെടാറുണ്ട്. മികച്ചൊരു ജോടി ഹെഡ്ഫോണുകൾ വാങ്ങിയില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന ധാരണയാണ് പലർക്കുമുള്ളത്.
എന്നാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എത്തുന്ന വേവ്ലെറ്റ് (Wavelet) എന്ന ഇക്വലൈസർ ആപ്ലിക്കേഷൻ വഴി ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താനാകും. വ്യത്യസ്ത മോഡലുകൾക്കായുള്ള പ്രൊഫൈലുകൾ ഉപയോഗിച്ച് ഹെഡ്ഫോണുകളുടെ ശബ്ദ നിലവാരം സ്വയം ക്രമീകരിക്കാൻ ഈ ആപ്പിന് സാധിക്കും.
ഏതെങ്കിലും ഒരു മ്യൂസിക് ആപ്പിനെ മാത്രം ആശ്രയിക്കാതെ, ഹെഡ്ഫോണുകളിലേക്ക് എത്തുന്ന ശബ്ദത്തെ നേരിട്ട് നിയന്ത്രിക്കുകയാണ് വേവ്ലെറ്റ് ചെയ്യുന്നത്. വയർഡ്, ബ്ലൂടൂത്ത്, യു.എസ്.ബി ഹെഡ്ഫോണുകൾ എന്നിവയെയോ ഡി.എസ്.സികളെയോ (DAC) കണക്റ്റ് ചെയ്യുമ്പോൾ ആപ്പ് അവയെ തിരിച്ചറിയുകയും അനുയോജ്യമായ ക്രമീകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
റൂട്ട് (root) ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ ഇതിന് സാധിക്കും എന്നതാണ് പ്രധാന സവിശേഷത.
ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓട്ടോ ഇക്യു (AutoEq) ഡാറ്റാബേസിൽ അയ്യായിരത്തിലധികം ഹെഡ്ഫോൺ പ്രൊഫൈലുകൾ ലഭ്യമാണ്. ഫ്രീക്വൻസി റെസ്പോൺസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഓരോ മോഡലിനും അനുയോജ്യമായ രീതിയിൽ ഇവ തയ്യാറാക്കിയിരിക്കുന്നത്.
ആപ്പ് തുറന്ന് ഓട്ടോ ഇക്യു ഫീൽഡിൽ സ്വന്തം ഹെഡ്ഫോൺ മോഡൽ സെർച്ച് ചെയ്ത് തെരഞ്ഞെടുക്കുക വഴി കൃത്യമായ പ്രൊഫൈൽ ആപ്ലിക്കേഷൻ ബാധകമാക്കുന്നു. ഇതിലൂടെ ഏത് ഫ്രീക്വൻസിയാണ് കൂട്ടേണ്ടത് അല്ലെങ്കിൽ കുറക്കേണ്ടത് എന്ന് ഉപയോക്താക്കൾ തന്നെ തലപുകേണ്ടി വരുന്നില്ല.
കൂടാതെ ഇതിലെ 9-ബാൻഡ് ഗ്രാഫിക് ഇക്വലൈസർ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. സാങ്കേതിക വിവരങ്ങൾ വലിയ തോതിൽ മനസ്സിലാക്കാതെ തന്നെ ചെറിയ മാറ്റങ്ങൾ വരുത്താൻ ഇതിലെ സ്ലൈഡറുകൾ സഹായിക്കും.
ബാസ് (Bass) കുറവാണെന്ന് തോന്നുകയാണെങ്കിൽ ലോവർ-ഫ്രീക്വൻസി ബാൻഡുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ശബ്ദം ക്രമീകരിക്കാം. ബാസ് കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബാസ് ട്യൂണർ (Bass Tuner), പെട്ടെന്നുള്ള വലിയ ശബ്ദ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്ന ലിമിറ്റർ (Limiter), ഇടത് വലത് ഇയർഫോണുകളിലെ ശബ്ദ വ്യത്യാസം ക്രമീകരിക്കാനുള്ള ചാനൽ ബാലൻസ് (Channel Balance) തുടങ്ങിയ മറ്റ് പ്രായോഗിക ടൂറുകളും ഇതിൽ ലഭ്യമാണ്.
പുതിയ ഹെഡ്ഫോണുകൾ വാങ്ങുന്നതിന് മുൻപ് ഇത്തരം സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ പരീക്ഷിക്കുന്നത് ശബ്ദ നിലവാരം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

