കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട പ്രതിസന്ധികൾ സാധാരണക്കാരുടെ ജീവിതത്തെയും തൊഴിൽ മേഖലയെയും ഒരുപോലെ ബാധിക്കുന്നു.
ഇന്ത്യയിലെ ജലവൈദ്യുത പദ്ധതികളെയും കൽക്കരി വൈദ്യുതി നിലയങ്ങളെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചതോടെ നിരവധി സംസ്ഥാനങ്ങളിൽ പവർകട്ട് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോൾ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ആന്ധ്രാപ്രദേശിൽ തുടർച്ചയായി ഉണ്ടായ വൈദ്യുതി തടസ്സവും ഇന്റർനെറ്റ് തകരാറും കാരണം ഒരു സോഫ്റ്റ്വെയർ പ്രൊഫഷണലിന് തൊഴിൽ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഒരേ സ്ഥാപനത്തിൽ യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ ജോലി ചെയ്തു വരികയായിരുന്ന അഖിൽ എന്ന ജീവനക്കാരനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഈ ആഴ്ചയിൽ മാത്രം പ്രദേശത്ത് തുടർച്ചയായി നാല് ദിവസങ്ങളിൽ കടുത്ത വൈദ്യുതി തടസ്സമുണ്ടായിരുന്നു.
അതിനിടയിൽ ഒരു പ്രധാനപ്പെട്ട പ്രൊഡക്ഷൻ റിലീസ് നടക്കുന്ന സമയത്താണ് വീണ്ടും പവർകട്ട് ഉണ്ടായത്.
ഇന്റർനെറ്റിനായി മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിക്കാത്തത് തിരിച്ചടിയായി. പ്രൊഡക്ഷൻ റിലീസ് മുടങ്ങിയതോടെ കമ്പനിയുടെ ക്ലയന്റ് വിഷയം ഗുരുതരപ്രശ്നമായി മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, ഇതിന് പിന്നാലെ കമ്പനി മാനേജ്മെന്റ് അഖിലിന് പിരിച്ചുവിടൽ നോട്ടീസ് കൈമാറുകയായിരുന്നു.
തന്റെ ഭാഗത്തുനിന്ന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും സ്വന്തം നിയന്ത്രണത്തിലല്ലാത്ത അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കാരണം ജോലി നഷ്ടപ്പെട്ടതിൽ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വ്യക്തമാക്കി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഈ സംഭവം പുറത്തുവന്നതോടെ ഐടി മേഖലയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാർക്ക് വൈദ്യുതി തടസ്സം പോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളിൽ കമ്പനികൾ കൂടുതൽ മാനുഷിക പരിഗണന നൽകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ നിർണ്ണായകമായ ഡെഡ്ലൈനുകളോ പ്രൊജക്റ്റ് റിലീസുകളോ ഉള്ള സമയങ്ങളിൽ ബദൽ മാർഗ്ഗങ്ങൾ തേടേണ്ടതായിരുന്നു എന്നും, അടുത്തുള്ള കോ-വർക്കിംഗ് സ്പേസുകളെ ആശ്രയിക്കുകയോ ചെയ്യണമായിരുന്നു എന്നും മറുവിഭാഗം അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

