തിരുവനന്തപുരം: മുന്നണി അധികാരത്തിൽ എത്തിയത് മുതൽ പി ജെ ജോസഫ് ക്യാബിനറ്റ് പദവി അർഹിക്കുന്നുണ്ടെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ തനിക്ക് പ്രധാന പദവി നൽകണമെന്ന് നേതൃത്വത്തോട് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു.
ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു പാർട്ടിയുടെ പ്രധാന ലക്ഷ്യം. എന്നാൽ, കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എം കെ മുനീർ, ജി ദേവരാജൻ എന്നിവർക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് ഉത്തരവായെങ്കിലും പി ജെ ജോസഫ് സംബന്ധിച്ച വിഷയം അജണ്ടയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ മോൻസ് ജോസഫ് പങ്കെടുത്തിരുന്നില്ല. യോഗതീരുമാനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയോട് വിഷയം ഉന്നയിച്ചപ്പോൾ, യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചത്.
ഇതര നേതാക്കൾക്ക് പദവി നൽകിയതിലല്ല, മറിച്ച് പി ജെ ജോസഫ് തഴയപ്പെട്ടതിലാണ് കേരള കോൺഗ്രസ് വൃത്തങ്ങളുടെ കടുത്ത അതൃപ്തി. ഈ വിഷയം നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി മോൻസ് ജോസഫ് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
ഭരണപരിഷ്ക്കാര കമ്മീഷന് പുറമെ വയോജന കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ തുടങ്ങിയവയിൽ ഏതെങ്കിലും ഒരു പദവി പി ജെ ജോസഫ് നു നൽകണമെന്നാണ് പുതിയ ആവശ്യം. വരുന്ന ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾക്കെതിരെ യുഡിഎഫ് കൺവീനർ തന്നെ പരസ്യമായി രംഗത്തുവന്നത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് കേരള കോൺഗ്രസും അതൃപ്തി പരസ്യമാക്കുന്നത്.
ഇതിനിടെ, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന ശക്തമായ നിലപാടിലാണ് കേരള കോൺഗ്രസ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പാർട്ടിക്ക് പത്ത് ബോർഡ്-കോർപ്പറേഷനുകൾ ലഭിച്ചിരുന്നു, അതേ എണ്ണം തന്നെ ഇത്തവണയും വേണമെന്നാണ് ആവശ്യം.
എന്നാൽ അന്തരിച്ച കെ എം മാണിയുടെ കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനുള്ളിലെ സീറ്റ് വിഭജന തർക്കങ്ങൾ കടുത്തതോടെ വിഷയം ഇപ്പോൾ ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.
യുഡിഎഫ് യോഗം പോലും ഇതുവരെ ചേർന്നിട്ടില്ലാത്ത സാഹചര്യത്തിൽ മുന്നണിക്കുള്ളിലെ ഭിന്നതയിലും കേരള കോൺഗ്രസിന് അമർഷമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

