ശബരിമലയിൽ തീർഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ രണ്ട് പുതിയ റോഡുകൾ നിർമിക്കാൻ നിർദ്ദേശം. പാർക്കിങ് ഗ്രൗണ്ടുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പാതകൾ വരുന്നത്.
ദേവസ്വം ഗെസ്റ്റ്ഹൗസിനു പിന്നിലൂടെയും രണ്ടാമത്തേത് ഗോശാലയ്ക്ക് സമീപത്തുകൂടിയുമാണ് പുതിയ റോഡുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പാർക്കിങ് ഗ്രൗണ്ടിൽ നിന്നും വാഹനങ്ങൾ പുറത്തേക്ക് പോകുന്ന റോഡുമായി ബന്ധിപ്പിച്ചാണ് ഗെസ്റ്റ് ഹൗസിന് പിന്നിലൂടെ പുതിയ പാത നിർമ്മിക്കുന്നത്.
പാർക്കിങ് സൗകര്യം കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഗോശാലയ്ക്ക് സമീപത്തുകൂടിയുള്ള റോഡ് പ്ലാൻ ചെയ്തിരിക്കുന്നത്. തീർഥാടന ഒരുക്കങ്ങളുടെ ഭാഗമായി പൊലീസും ദേവസ്വം ബോർഡും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് പുതിയ റോഡുകൾ നിർമിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് നിർദ്ദേശം ഉണ്ടായത്.
എന്നാൽ, തീർഥാടനം ആരംഭിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രമാണുള്ളതെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കകളുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. പുതിയ റോഡ് നിർമ്മിച്ചാൽ ടാറിങ് നടത്തി ശരിയായി ഉറയ്ക്കാതെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കില്ല.
മിക്ക ദിവസങ്ങളിലും മഴ പെയ്യുന്നതിനാൽ തീർഥാടനത്തിനായി നട തുറക്കുന്നതിന് മുൻപ് റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല.
മണ്ഡലപൂജയുടെ അവസാന കാലഘട്ടത്തിലും മകരവിളക്ക് സമയത്തുമാത്രമേ പുതിയ റോഡുകൾ പൂർണ്ണതോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കൂ എന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ സുഗമമായി കയറ്റിയിടുന്നതിന് തടസ്സമായി നിൽക്കുന്ന മണ്ണും കല്ലും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട്.
ഇതിനുപുറമേ സന്നിധാനത്ത് പൊലീസിന്റെ സ്പെഷൽ ഓഫിസറുടെ കോട്ടേജ്, പൊലീസ് ബാരക്കിലെ ഇരുമ്പ് കട്ടിലുകൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് മെസ് കെട്ടിടങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള എല്ലാ പ്രവൃത്തികൾക്കും ടെൻഡർ വിളിച്ചിട്ടുണ്ടെന്നും നട
തുറക്കുന്നതിന് മുൻപ് ഇവയെല്ലാം പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

