ഗുജറാത്തിലെ സൂറത്തിൽ വച്ച് ‘ദൃശ്യം’ സിനിമ കണ്ട യുവാവ്, പിതാവിനെ വധിക്കാനായി ഏകദേശം 2000 കിലോമീറ്റർ സഞ്ചരിച്ച് ബിഹാറിലെ സമസ്തിപുരിലെത്തി.
സംഭവത്തിൽ ശിവ് ശങ്കർ (26) എന്നയാളെയാണ് അച്ഛൻ രഘുവീർ സാഹ്നിയെ (50) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടികൂടിയത്. പോലീസ് നൽകുന്ന വിവരപ്രകാരം സൂറത്തിൽനിന്നും സമസ്തിപുർ ജില്ലയിലെ ദർവ ഗ്രാമത്തിലെത്തിയ ശിവ് ശങ്കർ വീട്ടിൽ ഉറങ്ങിക്കിടന്ന അച്ഛനെ കോടാലി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
ഈ സമയമത്രയും ഇയാൾ ഫോൺ ഓഫാക്കിയാണ് യാത്ര ചെയ്തിരുന്നത്. തുടർന്ന് കൊലപാതകത്തിനു ശേഷം ഇയാൾ തിരികെ ഗുജറാത്തിലേക്ക് യാത്ര തിരിച്ചു.
എന്നാൽ യാത്രയ്ക്കിടെ ഭാര്യയെ വിളിക്കാൻ ഫോൺ ഓൺ ചെയ്തതാണ് പൊലീസിനു പ്രതിയിലേക്കു എത്താനുള്ള തുമ്പ് ലഭിച്ചത്. അജയ് ദേവ്ഗൺ നായകനായ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിനു വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
കൊലപാതകത്തിന് ശേഷം തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന നായകന്റെ കഥയാണ് ഇതിലുള്ളത്. ഈ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശിവ് ശങ്കർ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു പൊലീസ് പറയുന്നത്.
പിതാവുമായി ഏറെനാളായി ഇയാൾ അകൽച്ചയിലായിരുന്നു. സ്വത്തിനെ സംബന്ധിച്ച തർക്കമായിരുന്നു കാരണം.
തുടർന്ന് ജോലിയുമായി ബന്ധപ്പെട്ട് ശിവ് ശങ്കർ ഭാര്യയുമായി ഗുജറാത്തിലെ സൂറത്തിൽ താമസം ആരംഭിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിരുന്നില്ല.
ഇതും പൊലീസിനു സംശയം സൃഷ്ടിച്ചു. അതീവശ്രദ്ധയോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.
യാത്ര ആരംഭിക്കുന്നതിന് മുൻപായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് പട്നയിലെത്തി അവിടെ നിന്ന് വൈകുന്നേരം ട്രെയിനിൽ കയറി പട്ടോറി സ്റ്റേഷനിൽ ഇറങ്ങി.
ശേഷം ഓട്ടോയിൽ കയറി ഗ്രാമത്തിനു 4 കിലോമീറ്റർ അകലെ ഇറങ്ങിയശേഷം കാൽനടയായി വീട്ടിലേക്ക് എത്തി. അർധരാത്രിയോടെ പിൻവാതിലിലൂടെ അകത്തുകടന്നാണ് വീടിനുള്ളിൽ സൂക്ഷിച്ച കോടാലി ഉപയോഗിച്ച് കൃത്യം നിർവഹിച്ചത്.
എന്നാൽ തിരിച്ചുള്ള യാത്രയിൽ പട്ടോറി റെയിൽവേ സ്റ്റേഷനിൽ വച്ച് ശിവ് ശങ്കർ ഫോൺ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചശേഷം വീണ്ടും സ്വിച്ച് ഓഫ് ചെയ്തു. കുറച്ചുസമയം ഫോൺ ഓണായത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ, ദൃശ്യം കണ്ടതിന് ശേഷമാണ് താൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

