സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് ഗൂഗിൾ. തങ്ങളുടെ പിക്സൽ (Pixel) ഫോണുകളിൽ വാൾപേപ്പറുകൾ തനിയെ മാറുന്ന ‘ഷഫിൾ’ സൗകര്യം ലഭ്യമാക്കാൻ കമ്പനി തയ്യാറെടുക്കുന്നു.
നിലവിൽ ഐഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് സ്മാർട്ട്ഫോണുകളിൽ ലഭ്യമായ ഈ സാങ്കേതികവിദ്യ വൈകാതെ പിക്സൽ ഉപയോക്താക്കൾക്കും ലഭ്യമാകും. ആൻഡ്രോയിഡ് 17 ക്യുപിആർ1 ബീറ്റ 5 (Android 17 QPR1 beta 5) പതിപ്പിലാണ് ഈ പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്.
‘ഷഫിൾ യുവർ വാൾപേപ്പർ’ (Shuffle Your Wallpaper) എന്ന പേരിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട
ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ആൽബം തയ്യാറാക്കാനും, അവ നിശ്ചിത ഇടവേളകളിൽ വാൾപേപ്പറായി സ്വയം മാറുന്ന രീതിയിൽ ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും. ഈ സൗകര്യം നിലവിൽ വന്നാൽ മണിക്കൂറുകൾ ഇടവിട്ടോ, ദിവസേനയോ അല്ലെങ്കിൽ സൂര്യോദയം, സൂര്യാസ്തമയം എന്നീ സമയങ്ങളിലോ വാൾപേപ്പറുകൾ മാറത്തക്ക രീതിയിൽ ക്രമീകരിക്കാം.
കൂടാതെ, സ്ക്രീനിൽ ടാപ്പ് ചെയ്യുമ്പോൾ വാൾപേപ്പർ മാറുന്നതിനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പിക്സൽ ഫോണുകളിൽ ഗൂഗിൾ നൽകുന്ന ‘കളക്ഷൻസ്’ (Collections) വിഭാഗത്തിലെ ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരത്തിൽ ഓട്ടോ-റിഫ്രഷ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ഫോൺ ക്രമീകരണങ്ങളിൽ (Settings) വാൾപേപ്പർ ആൻഡ് സ്റ്റൈൽ (Wallpaper & style) എന്ന ഭാഗത്ത് പോയി ഷഫിൾ ഐക്കൺ തിരഞ്ഞെടുത്ത് ഈ സേവനം ലഭ്യമാക്കാം. സിറ്റിസ്കേപ്പുകൾ, കല, ഗ്രാഫിക് ഡിസൈനുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ ഇതിനായി ലഭ്യമാണ്.
മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്ലേ സ്റ്റോറിൽ ലഭ്യമായ വാൾപേപ്പർ ചേഞ്ചർ, മ്യൂസെയ് ലൈവ് ഇമേജസ് (Muzei Live Images) തുടങ്ങിയ ആപ്പുകളും നിലവിൽ ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

