നികുതി വ്യവസ്ഥയിൽ വ്യാപാരികൾക്കും വ്യവസായികൾക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് സുപ്രധാന മാറ്റങ്ങളുമായി 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ ശുപാർശകൾ. ജിഎസ്ടി നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് ഇതുവരെ ഉണ്ടായിരുന്ന അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുമാറ്റാനാണ് കൗൺസിൽ ശുപാർശ ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി നിയമത്തിലെ 69-ാം വകുപ്പ് പൂർണ്ണമായി ഒഴിവാക്കും. അതേസമയം, നികുതി വെട്ടിപ്പുകൾക്കും കൃത്രിമങ്ങൾക്കുമെതിരായ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ജിഎസ്ടി നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള ചുരുങ്ങിയ നികുതി തുകയുടെ പരിധി നിലവിലുണ്ടായിരുന്ന ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങളോ സേവനങ്ങളോ ലഭ്യമാക്കാതെയും ഇൻവോയ്സ് ഇല്ലാതെയും വ്യാജമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) നേടിയെടുക്കുന്ന കേസുകളെയായിരിക്കും പ്രധാനമായും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുക.
ഈ പുതിയ ശുപാർശകൾ എല്ലാം തന്നെ 2027 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ജിഎസ്ടിയുമായി ബന്ധപ്പെട്ട
പൊതുവായ പിഴത്തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചിട്ടുണ്ട്. കൂടാതെ, വിവിധ ജിഎസ്ടി കുറ്റങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് യുക്തിസഹമാക്കാനും കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
നികുതി നിരക്കുകളിൽ യാതൊരുവിധ മാറ്റങ്ങളും ഇത്തവണ നിർദ്ദേശിച്ചിട്ടില്ല. നിരക്ക് പരിഷ്കരണങ്ങൾ ഇനി മുതൽ വർഷത്തിലൊരിക്കൽ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഇതിനായി വർഷത്തിൽ ഒരു പ്രത്യേക യോഗം മാറ്റിവെക്കുമെന്നും, അത് തൊട്ടടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പാക്കുമെന്നും കൗൺസിൽ അറിയിച്ചു. മുൻപ് 2025 സെപ്റ്റംബറിൽ നടന്ന 56-ാമത് യോഗത്തിലാണ് അവസാനമായി വലിയ തോതിലുള്ള നിരക്ക് പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.
ബിസിനസ്സ് മേഖലയെ പൂർണ്ണമായി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു നികുതി സംവിധാനമാക്കി ജിഎസ്ടിയെ മാറ്റുക എന്നതാണ് ഈ പുതിയ പരിഷ്കരണങ്ങളുടെയെല്ലാം പ്രധാന ലക്ഷ്യം. വൈകി റിട്ടേൺ സമർപ്പിക്കുകയോ നികുതി അടയ്ക്കുന്നതിൽ ചെറിയ വീഴ്ചകൾ സംഭവിക്കുകയോ ചെയ്താൽ കുടിശികയും പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും.
പ്രധാനപ്പെട്ട പുതിയ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: ∙ 10,000 രൂപയിൽ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട
ചെറിയ കേസുകളിൽ ഇനി മുതൽ നോട്ടിസ് അയക്കില്ല. ഇത്തരം കേസുകളിൽ ശിക്ഷ പിഴയോ തടവോ അതോ രണ്ടും കൂടിയാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോടതിക്ക് നൽകാനും ശുപാർശയുണ്ട്.
∙ ഒന്നിലധികം സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ള നികുതിദായകർക്ക് ഉദ്യോഗസ്ഥരെ നേരിൽ കാണാതെ തന്നെ ഓൺലൈൻ പോർട്ടൽ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന ‘ഫെയ്സ്ലെസ് സ്കീം’ നടപ്പിലാക്കും. ∙ കൃത്യമായ രഹസ്യവിവരങ്ങൾ ഇല്ലാതെ ചരക്കുമായി പോകുന്ന ട്രക്കുകൾ ഇനി മുതൽ വഴിയിൽ തടയാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല.
ഇതിനായി ഇനി ജോയിന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. ∙ ഏതെങ്കിലും ഒരു സംസ്ഥാനത്തിലൂടെ ട്രക്ക് കടന്നുപോകുന്നു എന്ന ഒരൊറ്റ കാരണത്താൽ മാത്രം യാതൊരു പരിശോധനയും നടത്താൻ പാടില്ല.
എന്നാൽ, ഇ-വേ ബിൽ അടക്കമുള്ള ആവശ്യമായ രേഖകൾ കൈവശമില്ലാത്ത പക്ഷം ഉദ്യോഗസ്ഥർക്ക് നിയമപരമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. ∙ വ്യവസായ സ്ഥാപനങ്ങൾക്കുള്ള ജിഎസ്ടി റീഫണ്ടിന്റെ 90% തുകയും 13 ദിവസത്തിനകം ലഭ്യമാക്കും.
റീഫണ്ട് ക്ലെയിമുകൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി മുൻപ് 15 ദിവസമായിരുന്നത് വെട്ടിക്കുറച്ച് 10 ദിവസമാക്കി മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

