പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ കോംപാക്ട് എസ്യുവിയായ എക്സ്യുവി 3എക്സ്ഒയുടെ പുതുക്കിയ പതിപ്പ് ഒക്ടോബർ 15ന് ഔദ്യോഗികമായി വിപണിയിലെത്തും. 2026 മോഡലിൽ പുറംമോടിയിൽ സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും ഒപ്പം നവീനമായ ഫീച്ചറുകളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ കമ്പനി പൂർണ്ണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി സംവിധാനത്തോടെയെത്തുന്ന മഹീന്ദ്രയുടെ ആദ്യ എസ്യുവിയായിരിക്കും ഇതെന്നാണ് വാഹനലോകത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ മോഡലിലും നിലവിലുള്ള എൻജിൻ ഓപ്ഷനുകൾ തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1.2 ലിറ്റർ ടർബോ പെട്രോൾ എംപിഎഫ്ഐ, 1.2 ലിറ്റർ ടർബോ പെട്രോൾ എംസ്റ്റാലിയൻ, 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനുകൾ എന്നിവയാണ് വാഹനത്തിലുള്ളത്. ഇതിൽ 1.2 ലിറ്റർ എംപിഎഫ്ഐ പെട്രോൾ എൻജിനൊപ്പമാകും സിഎൻജി സംവിധാനം ലഭ്യമാക്കാൻ സാധ്യതയുള്ളത്.
നിലവിൽ ഈ എൻജിൻ 111 പിഎസ് കരുത്തും 200 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിഎൻജി പതിപ്പിലേക്ക് വരുമ്പോൾ കരുത്തിലും ടോർക്കിലും ചെറിയ തോതിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് വകഭേദങ്ങളും വാഹനത്തിൽ ലഭ്യമാകും. വാഹനത്തിന്റെ അകത്തളത്തിൽ വലിയ പൊളിച്ചെഴുത്തുകൾക്ക് സാധ്യതയില്ല.
10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ മുൻ പതിപ്പിലേതുപോലെ തുടരും. ഒപ്പം ഹർമൻ കാർഡന്റെ 7 സ്പീക്കർ ഓഡിയോ സിസ്റ്റം, മുൻവശത്തായി 65 വാട്ട് ടൈപ്പ് സി ചാർജിങ് പോർട്ട്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ എന്നിവയും അകത്തളത്തെ ആകർഷകമാക്കും.
ആഡ്രിനോക്സ് കണക്റ്റ് സാങ്കേതികവിദ്യയും ആകർഷകമായ എൽഇഡി ലൈറ്റുകളും വാഹനത്തിൽ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന വേരിയന്റുകളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് അസിസ്റ്റ്, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും ഇടംപിടിക്കും. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ഉയർന്ന വകഭേദങ്ങളിൽ പ്രതീക്ഷിക്കാം.
എങ്കിലും വാഹനത്തിന്റെ കൃത്യമായ വിലവിവരങ്ങളും മുഴുവൻ സവിശേഷതകളും സംബന്ധിച്ച് മഹീന്ദ്ര ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

