കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സിപിഎം മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പിൽ ഗവേഷക വിദ്യാർത്ഥികളുടെ വോട്ട് മാറ്റിനിർത്തിയെന്നും വൈസ് ചാൻസലറുടെ നേതൃത്വത്തിലാണ് എംഎസ്എഫ് ഇത് നടപ്പാക്കിയതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.
അനില് ആരോപിച്ചു. സർവകലാശാലാ അങ്കണത്തിൽ യുഡിഎസ്എഫ് വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ വലിയ തോതിൽ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് പൊലീസ് ചെയ്യുന്നത്. വിദ്യാർത്ഥികളെ വീട്ടിൽ ചെന്നുപോലും അന്വേഷിക്കുകയും, അവരെ കണ്ടെത്താനാകാത്ത പക്ഷം രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട രണ്ട് യുഡിഎസ്എഫ് പ്രവർത്തകരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്.
മുസ്ലിം ലീഗിന്റെ പ്രത്യക്ഷ സഹായത്തോടെയാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറുന്നത്. ഇക്കാര്യത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം അക്രമങ്ങളെ അവർ പിന്തുണയ്ക്കുന്നതായി കണക്കാക്കുമെന്നും സിപിഎം ആവശ്യപ്പെട്ടു.
അതേസമയം, പെട്രോൾ ബോംബ് പ്രയോഗിച്ച സംഭവത്തെ പാർട്ടി ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അത്തരം അക്രമങ്ങളെ പൂർണ്ണമായി തള്ളിപ്പറയുന്നതായും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. പൊലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വരുന്ന മൂന്നാം തീയതി മലപ്പുറം എസ്പി ഓഫീസിലേക്ക് സിപിഐഎം മാർച്ച് സംഘടിപ്പിക്കും. പ്രസ്തുത മാർച്ച് പ്രമുഖ നേതാവ് എം.വി.
ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

