തീരദേശ റെയിൽപാതയെ ആശ്രയിക്കുന്ന യാത്രാസമൂഹത്തിന്റെ വർഷങ്ങളായുള്ള ദുരിതത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് നിർണായക ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് റെസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (RACK). എറണാകുളം, ആലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങിയ മേഖലകളിൽ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ നിലവിലുള്ള എറണാകുളം–ആലപ്പുഴ മെമു ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കണമെന്നാണ് സംഘടനയുടെ ശക്തമായ ആവശ്യം.
ആലപ്പുഴയിൽ ചേർന്ന RACK ദക്ഷിണ മേഖലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി ബാബു വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ദക്ഷിണ മേഖല പ്രസിഡന്റ് ജലീൽ പാലോട്, ദക്ഷിണ മേഖല ജനറൽ സെക്രട്ടറി റിയാസ് പുലരിയിൽ, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് പാറപ്പുറത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു. നിലവിലെ റെയിൽവേ സമയക്രമത്തിലെ പോരായ്മകൾ യോഗം വിശദമായി ചർച്ച ചെയ്തു.
രാവിലെ 9.30-ന് ആലപ്പുഴയിൽ എത്തുന്ന എറണാകുളം–ആലപ്പുഴ മെമു ട്രെയിൻ വൈകുന്നേരം 6.20-നാണ് തിരികെ എറണാകുളത്തേക്ക് പുറപ്പെടുന്നത്. പകൽ സമയത്ത് ആലപ്പുഴയിൽ വെറുതെ നിർത്തിയിടുന്ന ഈ ട്രെയിൻ കൊല്ലം വരെ സർവീസ് നീട്ടുകയും, തുടർന്ന് വൈകുന്നേരം തിരികെ ആലപ്പുഴ വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന രീതിയിലും പുനഃക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
രാവിലെ 6.30-ന് ശേഷം എറണാകുളത്തുനിന്ന് കായംകുളം–കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഉച്ചയ്ക്ക് ഏകദേശം 1.15 വരെ കാത്തിരിക്കേണ്ടി വരുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ, കായംകുളത്തുനിന്ന് രാവിലെ 11 മണിക്ക് ശേഷം വൈകുന്നേരം 6.50 വരെ ആലപ്പുഴ ഭാഗത്തേക്ക് ആശ്രയിക്കാൻ പാകത്തിൽ ട്രെയിൻ സർവീസുകൾ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ ജീവനക്കാർ, തൊഴിലാളികൾ, വ്യാപാരികൾ, കൂടാതെ ചികിത്സയ്ക്കായി വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന രോഗികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ റൂട്ടിലെ യാത്രാസൗകര്യം അത്യന്താപേക്ഷിതമാണ്. നിലവിലുള്ള ട്രെയിൻ സർവീസ് കൂടുതൽ ഫലപ്രദമായി വിനിയോഗിച്ച് മെമു കൊല്ലം വരെ നീട്ടിയാൽ, പുതിയ ട്രെയിൻ അനുവദിക്കാതെ തന്നെ വലിയൊരു വിഭാഗം യാത്രക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
ഈ സുപ്രധാന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി, മറ്റ് ബന്ധപ്പെട്ട
റെയിൽവേ അധികാരികൾ എന്നിവർക്ക് ഔദ്യോഗികമായി നിവേദനം നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റെയിൽവേ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായി അനുകൂല നടപടിയുണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
തീരദേശ റെയിൽപാതയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിനും RACK ദക്ഷിണ മേഖലാ കമ്മിറ്റി നിരന്തരം രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

