കോട്ടയം ജില്ലയിലെ പൂഞ്ഞാർ പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷ് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.
അബേഷ് അലോഷ്യസ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെ നേരിട്ട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്നാരോപിച്ച് യൂണിഫോം ധരിക്കാത്ത അഞ്ച് പൊലീസുകാർ ഇന്നോവ കാറിലെത്തി വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ഏഴ് കിലോമീറ്ററോളം വരുന്ന യാത്രാമധ്യേ ഇയാളെ ക്രൂരമായി മർദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. ഈരാറ്റുപേട്ട
പൊലീസ് സ്റ്റേഷന് മുന്നിൽ അവശനായി കുഴഞ്ഞുവീണ ഇയാളെ ആദ്യം സമീപത്തെ ആശുപത്രിയിലും, പിന്നീട് പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുവജന കമ്മീഷൻ അംഗം വ്യക്തമാക്കി.
കൂടാതെ അഭിലാഷിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സന്ദർശന വേളയിൽ ദേവസ്യാച്ചൻ വാണിയപുര, അലൻ അഗസ്റ്റിൻ, നിയാസ് തുടങ്ങിയവരും കമ്മീഷൻ അംഗത്തിനൊപ്പം ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

