എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ പ്രസ്താവനകൾക്കെതിരെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്.
സതീഷ് രംഗത്ത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന രീതിയിലാണ് മന്ത്രിയുടെ നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു നാടകത്തെപ്പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പസിലെ കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ചത് സർഗാത്മകവും പ്രതീകാത്മകവുമായ ഒരു നാടകമായിരുന്നുവെന്ന് എസ്.
സതീഷ് വ്യക്തമാക്കി. എന്നാൽ ആർ.എസ്.എസ് അനുകൂരിയായ പി.ആർ.ഒ ഈ നാടകത്തെ ബോധപൂർവ്വം വളച്ചൊടിക്കുകയായിരുന്നു.
ആ നാടകത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് സമൂഹം തിരിച്ചറിഞ്ഞതാണ്. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും, പരീക്ഷാ ഫീസ് അടക്കാൻ ക്യാമ്പസിലെത്തിയ കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കാത്ത നിലപാടാണ് അധികാരികൾ സ്വീകരിച്ചത്.
വിദ്യാർത്ഥികളുടെ ഇത്തരം പ്രതിഷേധങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അപരിഷ്കൃതമായി തോന്നുന്നത് ദൗർഭാഗ്യകരമാണ്. ജനാധിപത്യപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ മന്ത്രി റോജി എം.
ജോൺ അടിച്ചമർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിഷേധങ്ങളെ തികഞ്ഞ അസ്വസ്ഥതയോടെയാണ് അദ്ദേഹം വീക്ഷിക്കുന്നത്.
വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. പ്രിൻസിപ്പാളിന്റെ മൊഴി പോലും തിരുത്തിക്കാൻ ശ്രമങ്ങളുണ്ടായി.
ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന രീതിയിലല്ല മന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പാതയിലേക്ക് മന്ത്രി ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയ എസ്.
സതീഷ്, വി.ഡി. സതീശനെയും നരേന്ദ്ര മോദിയെയും പരാമർശിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
യുവമോർച്ച, ആർ.എസ്.എസ് പ്രവർത്തകർ മന്ത്രിമാരെ വഴിയിൽ തടഞ്ഞപ്പോൾ അവരോട് ക്ഷമിച്ച UDF മന്ത്രിമാർ, വിദ്യാർത്ഥികൾ പഠനത്തിനും പരീക്ഷാ എഴുതാനുമുള്ള ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിനെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കുകയാണ്. വിദ്യാർത്ഥി വേട്ടയുടെ കാര്യത്തിൽ നരേന്ദ്ര മോദിയും വി.ഡി.
സതീശനും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. വിദ്യാർത്ഥികളുടെ ന്യായമായ പരാതികളും പ്രശ്നങ്ങളും കേൾക്കാൻ മന്ത്രി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം. ജോൺ നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
അച്ചടക്കം കർശനമായി പാലിക്കേണ്ട ഒരു ചടങ്ങ് മനപ്പൂർവ്വം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.
ചടങ്ങിന് ശേഷം വിദ്യാർത്ഥികളുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അവർ വേദിയിൽ ബഹളം വെക്കുകയാണുണ്ടായത്. രാഹുൽ ഗാന്ധിയുടെ സ്കൂളിൽ പഠിച്ചുവന്ന തങ്ങൾ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയ ശേഷമാണ് വേദിയിൽ നിന്ന് മടങ്ങിയതെന്നും, സമരം ചെയ്യുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പിണറായി വിജയന്റെ സർക്കാറല്ല യു.ഡി.എഫിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

