കർണാടകയിലെ ബെളഗാവി ജില്ലയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊലചെയ്യപ്പെട്ടു. ഉത്തർപ്രദേശ് പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ അരുൺ കുമാർ കസ്റ്റഡിയിലായി. മൂഡലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും.
സംഭവദിവസം രാത്രി ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കൂട്ടത്തിൽ ഒരാൾ ചിക്കൻ കഷണങ്ങൾ കൂടുതൽ കഴിച്ചുവെന്നാരോപിച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ പ്രകോപിതനായ അരുൺ കുമാർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിയിറക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ പ്രതി അരുൺ കുമാർ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പൊലീസിനെയും ഡോക്ടർമാരെയും കബളിപ്പിക്കാനായി, കെട്ടിടത്തിനു മുകളിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാണെന്നാണ് ഇയാൾ ആദ്യം അവകാശപ്പെട്ടത്. എന്നാൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് കണ്ട് ഡോക്ടർമാർക്ക് സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ താൻ തന്നെയാണ് സുഹൃത്തിനെ കുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സീതാറാം മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

