സംസ്ഥാനങ്ങളെയും സംസ്കാരങ്ങളെയും ബന്ധിപ്പിച്ച് കബനിക്കു കുറുകെ വിഭാവനം ചെയ്ത ബൈരക്കുപ്പ പാലം നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കാനുള്ള സംയുക്തനീക്കം വേഗത്തിലാക്കണമെന്ന് ആവശ്യമുയർന്നു. 1994 സെപ്തംബർ 24നാണ് കേരള– കർണാടക മുഖ്യമന്ത്രിമാർ ചേർന്ന് പെരിക്കല്ലൂർ കടവിൽ പാലത്തിനു തറക്കല്ലിട്ടത്.
184 മീറ്റർ നീളത്തിൽ 8 സ്പാനുകളോടെ ഡിസൈൻ ചെയ്ത പാലത്തിന് 2 കോടി രൂപയോളമാണ് ചെലവ് കണക്കാക്കിയത്. ഈ തുക ഇരുസംസ്ഥാനങ്ങളും തുല്യമായി വഹിക്കാമെന്നും ധാരണയുണ്ടായിരുന്നു.
എന്നാൽ, ഇരുസംസ്ഥാനങ്ങളിലെയും ഭരണമാറ്റങ്ങൾ പാലംനിർമാണത്തിനു വിലങ്ങുതടിയായി മാറുകയായിരുന്നു. കർണാടക വനംവകുപ്പാണ് പാലംനിർമാണത്തിനു തടസ്സവാദമുന്നയിച്ച് ആദ്യം രംഗത്തുവന്നത്.
മൂന്ന് പതിറ്റാണ്ടിനുശേഷമാണ് (32 വർഷത്തിനുശേഷം) ഇപ്പോഴാണ് പാലംനിർമാണം നടക്കുമെന്ന പ്രതീക്ഷ ശക്തമായത്. കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസ് സർക്കാരുകൾ ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്.
വയനാട് എംപി പ്രിയങ്കാഗന്ധിക്ക് രണ്ടിടത്തും സ്വാധീനമുള്ളതിനാൽ പാലം നിർമാണത്തിലെ തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ഇരുസംസ്ഥാനങ്ങളും സംയുക്തമായി സമ്മതപത്രം നൽകിയാൽ കേന്ദ്ര റോഡ് വികസനഫണ്ടിൽ പെടുത്തി പാലംനിർമാണത്തിന് തുക അനുവദിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൽ ഗഡ്കരിയും ഉറപ്പു നൽകിയിട്ടുണ്ട്.
പ്രിയങ്കാഗാന്ധി എം.പി. പെരിക്കല്ലൂർ സന്ദർശിക്കുകയും പാലം യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
സംസ്ഥാന മരാമത്ത് മന്ത്രി ഉടൻതന്നെ പെരിക്കല്ലൂരിലെത്തി പാലം നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നറിയുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്തി പാലം യാഥാർഥ്യമാക്കാൻ കാര്യമായ ശ്രമം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

