തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ.
കായിക വകുപ്പ് തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുള്ളത്. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഈ ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത് സംഭവത്തിൽ സമഗ്രമായ ഒരു അന്വേഷണം നടത്താനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇന്ന് തന്നെ ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മെസിയുടെ സന്ദർശനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.
ഇത്രയും ഗൗരവമേറിയ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ടാണ് അടിയന്തരമായ അന്വേഷണങ്ങളോ തുടര്‍ നടപടികളോ ഉണ്ടാകാത്തത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇതിനോടകം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഔദ്യോഗികമായി ശിപാർശ ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട കരാറിലേക്ക് ഏത് സാഹചര്യത്തിലാണ് എത്തിച്ചേർന്നത്, ഇതിൽ മുന്‍ സര്‍ക്കാരിന്റെ പങ്കെന്താണ്, പദ്ധതിക്കായി സ്പോണ്‍സറെ കണ്ടെത്തിയത് എങ്ങനെയാണ്, വിദേശത്തേക്ക് എത്രത്തോളം തുക അയച്ചിട്ടുണ്ട് തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം പുതിയ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന.
മെസിയുടെ പേരില്‍ അരങ്ങേറിയ ഈ തട്ടിപ്പ് പ്രമേയത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും നോക്കിക്കാണുന്നത്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നുതന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.
വിഷയത്തിലെ തുടര്‍ നടപടികളെക്കുറിച്ച് മുമ്പ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ, റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

