തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തി സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം. ജനസാഗരം സാക്ഷിയായ വർണാഭമായ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ലോക്ഭവന്റെ മുന്നിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് ഫ്ലാഗ് ഓഫ് കർമം നടന്നത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതാരത്തിനു ശേഷമാണു ദേശീയ ഗാനാലാപനം നടന്നത്.
ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പാലിക്കാനാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നു മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് നിർദേശിച്ചിരുന്നു.
ലോക്ഭവന്റെ മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പിഎംജി, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിലാണ് സമാപിച്ചത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങൾ ഉപരാഷ്ട്രപതിക്കു ദൃശ്യവിരുന്നായി.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിക്കു ഓരോ കലാരൂപങ്ങളെ പരിചയപ്പെടുത്തുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ലോക്ഭവന് മുന്നിലെ ഫ്ലാഗ് ഓഫിന് ശേഷം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരായ റോജി എം.ജോൺ, സി.പി.ജോൺ, കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, കെ.എ.
തുളസി, മേയർ വി.വി.രാജേഷ് എന്നിവർ പ്രത്യേക വേദിയിലാണ് ഘോഷയാത്ര കണ്ടത്. പാളയത്തെ വിവിഐപി പവലിയനിൽ നടൻ ആസിഫ് അലി, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ടി.സിദിഖ് വിദേശ വിനോദ സഞ്ചാരികൾ തുടങ്ങിയവർ ഇടം പിടിച്ചു.
എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം.വിൻസന്റ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ബിജു, കലക്ടർ അനുകുമാരി തുടങ്ങിയവരും ഘോഷയാത്ര കാണാൻ എത്തി. പാളയത്ത് നിന്നു ഘോഷയാത്രയുടെ ഭാഗമായ ചലച്ചിത്ര താരം ആസിഫ് അലി സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
“ഓണം വൈബ് അടിപൊളി”യെന്നു വിശേഷിപ്പിച്ച താരം, “ഒരു ആർപ്പോ ഇർറോ വിളിക്കണമെന്നുണ്ട്” എന്നു പറഞ്ഞ് സദസ്സിനൊപ്പം ആവേശം പങ്കിട്ടു. മന്ത്രി പി.സി.
വിഷ്ണുനാഥും കൂടെയുണ്ടായിരുന്നവരും ആസിഫ് അലിക്കൊപ്പം ആർപ്പോ വിളിച്ച് ആവേശം കൂട്ടി. “ഇതാണ് വൈബ്” എന്നു പറഞ്ഞാണ് താരം മടങ്ങിയത്.
ഘോഷയാത്രയിൽ ശ്രദ്ധേയമായ മറ്റൊരു കാഴ്ച ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ ഫ്ലോട്ട് ആയിരുന്നു. 2023 നവംബർ 24 ലെ മലയാള മനോരമ തിരുവനന്തപുരം എഡിഷനിലെ ഒന്നാം പേജ് ചിത്രം ഫ്ലോട്ടായി അവതരിപ്പിച്ചാണ് വകുപ്പ് ശ്രദ്ധനേടിയത്.
ഒറ്റ രാത്രി കൊണ്ടു പെയ്ത മഴയിൽ തലസ്ഥാനം മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ 36 ദിവസം പ്രായമുള്ള കുഞ്ഞിനെ വെള്ളം കയറിയ വീട്ടിൽ നിന്നും രക്ഷിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ ചിത്രമാണ് ഫ്ലോട്ടായി ഒരുക്കിയത്. വെള്ളം കയറിയ വീട്ടിൽ നിന്നും കൈക്കുഞ്ഞുമായി നിൽക്കുന്ന രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ചിത്രമാണ് അന്ന് വീടിന് മുന്നിൽ നിന്ന് പത്രത്തിൽ നൽകിയിരുന്നത്.
ഇതേ ചിത്രത്തിന്റെ മാതൃകയിലുള്ള ഫ്ലോട്ടാണ് ഇത്തവണ ഘോഷയാത്രയിൽ ഫയർ ആൻഡ് റെസ്ക്യൂ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

