മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ വഴിമാറിനടക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം റെക്കോർഡ T തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.
12.5 കോടി രൂപയ്ക്കാണ് പ്രമുഖ കമ്പനിയായ സീ മ്യൂസിക് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
ചിത്രം വരുന്ന സെപ്റ്റംബർ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ആഗോള റിലീസായി എത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പട്ടികയും ഏറെ ശ്രദ്ധേയമാണ്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റ് നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ പ്രൗഢഗംഭീരമായിരുന്നു.
ഗായകരായ വേടൻ, അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുടെ സംഗീത പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. വേദിയിൽ നായകൻ ദുൽഖർ സൽമാൻ കൂടി എത്തിയതോടെ ചടങ്ങ് ആരാധകരുടെ വലിയ ആഘോഷമായി മാറി.
ചിത്രത്തിലെ “മഴവില്ലായേ”, ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ലോഞ്ചിനിടെ ദുൽഖർ സൽമാൻ ‘ലൂസർ’ ഗാനം വേദിയിൽ ലൈവായി ആലപിച്ചത് ആരാധകരിൽ നിന്നും വലിയ കയ്യടിയാണ് നേടിയത്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആന്റണി വർഗീസ്, പ്രമുഖ തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
തെന്നിന്ത്യയിലാകെ നൂറിലധികം വിവിധ ലൊക്കേഷനുകളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയ്ലറിനും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
മികച്ച ദൃശ്യവിരുന്നും ഒപ്പം ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്ലർ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ വലിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

