ആലപ്പുഴ ജില്ലയിലെ സംഗീത ലോകത്തെ ഞെട്ടിച്ച ദാരുണ സംഭവത്തിന് പിന്നാലെ, റോഡരികിലെ കുഴിയിൽ വീണ് ജീവൻ നഷ്ടപ്പെട്ട ഗായകനും കീബോർഡ് കലാകാരനുമായ മഹേഷ് മാനുവലിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജപ്തി ഭീഷണിയിലും.
മകളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റ് കടബാധ്യതകൾക്കുമായി ആലപ്പുഴ അർബൻ ബാങ്കിൽ വീട് പണയപ്പെടുത്തി എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല.
മകൻ നോയൽ മറ്റൊരു വായ്പയെടുത്ത് കുറച്ചുതുക ബാങ്കിൽ അടച്ചിരുന്നെങ്കിലും, പലിശയടക്കം 5,40,000 രൂപ തിരികെ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യപ്പെടും എന്ന അവസ്ഥയിലാണ് കുടുംബം. ‘ഞങ്ങളുടെ വീടിന്റെ കിടപ്പ് കണ്ടോ…ഇതാണ് ഞങ്ങളുടെ ജീവിതം.
ഈ വീട് കൂടി നഷ്ടപ്പെട്ടാൽ പിന്നെ….’ എന്ന് വാക്കുകൾ പൂർത്തിയാക്കാനാകാതെ മഹേഷ് മാനുവലിന്റെ ഭാര്യ ബീന വിതുമ്പി. ഹൃദ്രോഗിയാണ് ബീന.
നിർമാണജോലിക്കിടെ കെട്ടിടത്തിനു മുകളിൽനിന്നു വീണ് പരുക്കേറ്റതോടെ മഹേഷിന് അധികം ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. ‘ജപ്തി നോട്ടിസ് വീടിന്റെ വാതിലിൽ പതിക്കാൻ ആൾ വന്നതാണ്.
അന്ന് ഞാൻ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് നോട്ടിസ് കയ്യിൽ തന്ന് പോവുകയായിരുന്നു’ എന്ന് ബീന പറയുന്നു.
മകൻ നോയൽ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. മഹേഷും ഭാര്യ ബീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മകൾ ശിൽപ ഭർത്താവിനോടൊപ്പം തിരുവമ്പാടിയിലാണ് താമസം. സുഹൃത്തിന്റെ മകന്റെ മരണവിവരമറിഞ്ഞ് കളർകോടേക്ക് പോയതാണ് മഹേഷ്.
വൈകുന്നേരം ബീനയുമായി ഫോണിൽ സംസാരിച്ചിരുന്നു. 5.30 ആവുമ്പോൾ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് ഫോൺ വച്ചത്.
ആറ് മണിക്കുശേഷം ഒട്ടേറെ തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രാത്രി രണ്ട് മണിയോടെ പൊലീസിൽ പരാതിപ്പെട്ടു.
വൈകിട്ട് ഏഴോടെ മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. മഹേഷും കാഥിക ആലപ്പി ബീനയും ഒരുമിച്ചായിരുന്നു പരിപാടികൾക്ക് പോയിരുന്നത്.
ഒരു പരിപാടിക്കിടെയുണ്ടായ പരിചയപ്പെടൽ പിന്നീട് വിവാഹത്തിലെത്തി. ബീനയ്ക്ക് തൈറോയ്ഡ് വന്നതോടെ പാട്ട് നിർത്തി.
കുട്ടികളെ കീബോർഡ് പഠിപ്പിക്കാറുണ്ടായിരുന്നു മഹേഷ്. തകരാറിലായ ഒരു ഹാർമോണിയം മാത്രമാണ് സ്വന്തമായുള്ള ഏക സംഗീത ഉപകരണം.
കഥാപ്രസംഗത്തിന് പോകുമ്പോൾ ഈ ഹാർമോണിയം വച്ചാണ് പരിശീലിച്ചിരുന്നത്. പ്രോഗ്രാമുകൾ വരുമ്പോൾ പഠിപ്പിക്കുന്ന കുട്ടികളുടെ കീബോർഡ് ഉപയോഗിക്കുകയാണ് പതിവ്.
മരിക്കുന്നതിന്റെ തലേദിവസവും കൊച്ചുമകനെ പാട്ട് പഠിപ്പിച്ചിരുന്നു. മംഗലം പള്ളിയിലെ കൊയർ ഗ്രൂപ്പിൽ കീബോർഡ് വായിക്കുമായിരുന്നു.
സ്വന്തമായി കീബോർഡ് വാങ്ങണമെന്ന ആഗ്രഹം ബാക്കിവച്ചാണ് കലാകാരനായ മഹേഷിന്റെ അപ്രതീക്ഷിത അന്ത്യം. 20,000 രൂപയോളം വില വരുമെന്നതിനാൽ കീബോർഡ് സ്വപ്നം മാത്രമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

