കൊല്ലം ജില്ലയിലെ പുത്തൂരിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ ജീവനക്കാരും യാത്രക്കാരുമടക്കം അറുപതിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ ഗുരുതരമായി പരുക്കേറ്റ 6 യാത്രക്കാരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുത്തൂരിലെ 2 സ്വകാര്യ ആശുപത്രികൾ, കൊട്ടാരക്കര താലൂക്ക് ആശുപത്രി, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി, ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായാണ് മറ്റുള്ളവർ ചികിത്സ തേടിയിരിക്കുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് അര മണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഇന്നലെ രാവിലെ 11.25ഓടെ പുത്തൂർ–കൊട്ടാരക്കര മെയിൻ റോഡിൽ പുത്തൂർ ചുങ്കത്തറ പുളിമുക്കിനു സമീപമുള്ള വളവിലായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്ന് കായംകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന ‘നിർമാല്യം’ ബസും, കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ‘സൊസൈറ്റി’ ബസുമാണ് അപകടത്തിൽപ്പെട്ടത്.
കൊട്ടാരക്കര ഭാഗത്തുനിന്നെത്തിയ ബസിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. വളവിൽ എതിർദിശയിലേക്ക് കടന്നുകയറി അതിവേഗത്തിലാണ് നിർമാല്യം ബസ് എത്തിയത്.
എതിർദിശയിലൂടെയെത്തിയ ‘സൊസൈറ്റി’ ബസ് പരമാവധി ഇടത്തേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നുപോയി.
തുടർന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോഹഭാഗങ്ങൾ അറുത്തുമാറ്റിയാണ് ബസുകൾ പിന്നോട്ടു മാറ്റിയിട്ടത്. ബസിനുള്ളിൽ കുടുങ്ങിപ്പോയ സൊസൈറ്റി ബസ് ഡ്രൈവർ പെരുംകുളം കൊച്ചുപ്ലാവിള കിഴക്കതിൽ അജികുമാർ (49) എന്നയാളെ കാബിൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.
അദ്ദേഹത്തിന്റെ കൈക്കും കാലിനും പരുക്കേറ്റട്ടുണ്ട്. രണ്ട് ബസുകളിലും യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു.
അപകടത്തിൽപ്പെട്ടവരിൽ ഏറെപ്പേരുടെയും മുഖത്തും തലയിലുമാണ് ഗുരുതരമായി പരുക്കേറ്റത്. ശക്തമായ ഇടിയിൽ പലരുടെയും പല്ലുകൾ അടർന്നുപോയിട്ടുണ്ട്.
പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി പൊലീസിനൊപ്പം പ്രദേശവാസികളും സജീവമായി രംഗത്തിറങ്ങി. സമീപ പ്രദേശങ്ങളിൽ നിന്നുപോലും ആംബുലൻസുകൾ വിളിച്ചുവരുത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.
അപകടത്തിന് കാരണമായ നിർമാല്യം ബസിന്റെ ഡ്രൈവർ ഇന്നലെ ഒരു ദിവസത്തേക്ക് ജോലിക്കെത്തിയ താൽക്കാലിക ജീവനക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. താമരക്കുളം സ്വദേശി രാജേഷ് ആണ് താൽക്കാലിക ഡ്രൈവറായി എത്തിയത്.
സ്ഥിരം ജീവനക്കാർ അവധിയിലായിരുന്നതിനാലാണ് ഇയാളെ ഒരു ദിവസത്തേക്ക് മാത്രം ജോലിക്കായി വിളിച്ചത്. അപകടം നടന്നയുടൻ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രാജേഷിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച 34 യാത്രക്കാരിൽ 15 പേർക്കും മുഖത്താണ് ഗുരുതരമായി പരുക്കേറ്റത്. അവധി ദിവസമായിരുന്നിട്ടും ഡ്യൂട്ടി ഇല്ലാതിരുന്ന ഡെന്റൽ ഡോക്ടർ രഞ്ജിനി ആശുപത്രിയിലെത്തി അടിയന്തര ചികിത്സ ഉറപ്പാക്കി.
അപകടവിവരമറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമേ നാല് ഡോക്ടർമാർ കൂടി ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിച്ചേർന്നു. ഡ്യൂട്ടി ഡോക്ടർമാർ അപകടത്തിൽപെട്ടവരുടെ ചികിത്സയ്ക്കായി രംഗത്തിറങ്ങിയതോടെ, പനി ബാധിതരുടെ ചികിത്സ മുടങ്ങത്താരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ.
നിബിൻ കൃഷ്ണ പനി ക്ലിനിക്കിന്റെ ചുമതല നേരിട്ട് ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കെ.എൻ.
ബാലഗോപാൽ എംഎൽഎ നേരിട്ടെത്തി സന്ദർശിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ: തേവലപ്പുറം പ്രീജാഭവനിൽ ഓമന (64), സുധീഷ്ഭവനിൽ ശ്രീദേവി (54), പാങ്ങോട് വലിയവിള തെക്കേപ്പുരയിൽ സുരേഷ് (54), കുന്നത്തൂർ ആതിര നിവാസിൽ ശങ്കരൻകുട്ടി (53), കലയപുരം അതുൽ ഭവനിൽ തുളസീധരൻപിള്ള (57), കൊട്ടാരക്കര സ്വദേശി ലതിക (59).
പരുക്കേറ്റ മറ്റ് പ്രമുഖർ: കണ്ടക്ടർ കൊട്ടാരക്കര രതീഷ് ഭവനിൽ രതീഷ്കുമാർ (42), കരിമ്പിൻപുഴ സ്വദേശി ലീല (57), ആനക്കോട്ടൂർ സ്വദേശി ദേവരാജൻ (62), പെരുംകുളം സ്വദേശി രാജശേഖരൻപിള്ള (60), ഭരണിക്കാവ് സ്വദേശികളായ പങ്കജ് (12), സഹോദരൻ പവൻ (14), അമീർ (40), ഭാര്യ സുമയ്യ (35), മകൾ ആലിയ അമീർ (13), ആയൂർ സ്വദേശി ലതിക (62), ഇളമാട് സ്വദേശി ഉഷാകുമാരി, പുത്തനമ്പലം സ്വദേശി ബാലകൃഷ്ണപിള്ള (70), പാങ്ങോട് സ്വദേശി കൃഷ്ണകുമാർ (58), പത്തടി സ്വദേശികളായ നൂറുൽ ഹുസൈൻ (26), റബീബുൾ റഹ്മാൻ (24), കുടവട്ടൂർ സ്വദേശി വസന്തകുമാരി (66), നെടിയവിള സ്വദേശി സൗമ്യ, മക്കളായ ശബരി (8), ശ്രാവൺ, അഞ്ചൽ സ്വദേശി ജുനൈദ് (51), ശൂരനാട് സ്വദേശി സരിത (35), അമ്മ ശ്യാമള (59), ഓടനാവട്ടം സ്വദേശി മോഹൻ (63), മൈനാഗപ്പള്ളി സ്വദേശികളായ ഉഷാകുമാരി (49), മഹിൻകുമാർ, മിഥുൻകുമാർ, മധുസൂദനൻപിള്ള (55), വിലങ്ങറ സ്വദേശി വത്സമ്മ (43), മാനാമ്പുഴ സ്വദേശി ശബരി (28), ആയിക്കുന്നം സ്വദേശി ആർ.എസ്. ഹേമ (49), മകൾ സാന്ദ്ര (25), പ്ലാപ്പള്ളി സ്വദേശി റോസമ്മ (50), നെടിയവിള സ്വദേശി ആർ.
സുജാത (54), പുത്തൂർ സ്വദേശികളായ അലീന (21), സഹോദരി അനീറ്റ (15), അഭിജിത്ത്, ബേബി, സുമി, സന്ധ്യ (35), മൈനാഗപ്പള്ളി സ്വദേശി ആലിയ (13), മാവടി സ്വദേശികളായ അനീഷ്കുമാർ (36), സുരേഷ് ബാബു, വെണ്ടാർ സ്വദേശി ശ്രീദുർഗ, കുണ്ടറ സ്വദേശി സുഭദ്ര, ശാസ്താംകോട്ട സ്വദേശി സുജ, ചടയമംഗലം സ്വദേശി പ്രസന്ന, ആനക്കോട്ടൂർ സ്വദേശി ദീപ, വെട്ടിക്കവല സ്വദേശി സുലോചന, കൊട്ടാരക്കര സ്വദേശി വസന്ത, മൈലംകുളം സ്വദേശി ഗോപി ഗോപാലൻ.
ഇതിൽ പത്തിലേറെ പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

