സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുവാൻ പുതിയ പദ്ധതിക്ക് രൂപം നൽകി എക്സൈസ് വകുപ്പ്. ഓപ്പറേഷൻ റിലാക്സ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ സാമൂഹിക വിരുദ്ധർ താവളമാക്കുന്ന പൊതുസ്ഥലങ്ങൾ ഏറ്റെടുത്ത് നാടിന് പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
പുറമ്പോക്ക് ഭൂമികൾ, കാടുകയറി കിടക്കുന്ന പ്രദേശങ്ങൾ, പണി പാതിവഴിയിൽ മുടങ്ങിയതോ ഉപയോഗശൂന്യമായതോ ആയ കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങൾ പ്രധാനമായും ഒത്തുകൂടാനായി തിരഞ്ഞെടുക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായി കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അവിടെ ഓപ്പൺ ജിമ്മുകൾ, കളിസ്ഥലങ്ങൾ എന്നിവ നിർമ്മിക്കാനാണ് ഓപ്പറേഷൻ റിലാക്സ് വിഭാവനം ചെയ്യുന്നത്.
ഇതിലൂടെ ഇന്നത്തെ യുവതലമുറയെ ലഹരിയുടെ വഴികളിൽ നിന്നും കളിസ്ഥലങ്ങളിലേക്ക് തിരിച്ചുവിടാൻ സാധിക്കുമെന്നാണ് എക്സൈസ് വകുപ്പ് കരുതുന്നത്. കൊല്ലം ജില്ലയിലെ 9 എക്സൈസ് റേഞ്ച് ഓഫീസ് പരിധികളിലുമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനായി ഇതിനോടകം തന്നെ സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
കളിസ്ഥലങ്ങളായി മാറ്റാൻ അനുയോജ്യമായ തുറസ്സായ ഭൂമികളാണ് ഇവ. കണ്ടെത്തിയ ഭൂമിയുടെമേൽ ഏതെങ്കിലും തരത്തിലുള്ള കോടതി കേസുകളോ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി റവന്യൂ വകുപ്പിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
കൂടാതെ, ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സമർപ്പിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സന്നദ്ധ സംഘടനകളുടെ പിന്തുണ, എക്സൈസ് വകുപ്പിന്റെ പ്രത്യേക ഫണ്ട് എന്നിവ കണ്ടെത്തി വിനിയോഗിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

