മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നടത്തിയ പരിശോധനയെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ പൊലീസ് സ്വീകരിക്കുന്ന നടപടികളിൽ കടുത്ത പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. നിരപരാധികളായ പ്രവർത്തകരുടെ വീടുകളിൽ രാത്രികാലങ്ങളിൽ പൊലീസ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആരോപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിയമവിരുദ്ധമായ രീതിയിൽ പൊലീസ് വീടുകളിൽ കയറിയിറങ്ങി പരിശോധനകൾ നടത്തുകയാണെന്നും, ഇതിലൂടെ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും രോഗികളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്നും സംഘടന കുറ്റപ്പെടുത്തി. നിലവിൽ ഡി വൈ എഫ് ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാനാണ് നീക്കമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി ജെ പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇഡിയുടെ നടപടികളെ ന്യായീകരിക്കുന്നതായി ആരോപിച്ച ഡി വൈ എഫ് ഐ, ഇത്തരം നിലപാടുകൾ കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താനാണെന്നും വിമർശിച്ചു. പൊലീസ് തങ്ങളുടെ അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡി വൈ എഫ് ഐ നേതൃത്വം മുന്നറിയിപ്പ് നൽകി.
നിയമപരമായും രാഷ്ട്രീയമായും ഈ നീക്കങ്ങളെ നേരിടുമെന്നും ജനാധിപത്യ സമരങ്ങളെ ജയിലറകൾ കൊണ്ട് തകർക്കാൻ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

