മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യാസഖ്യം പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. ദില്ലിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.
പരിപാടി നാളെ വൈകിട്ട് 4 മണിക്ക് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ കനത്ത മഴയാണെന്നും മുതിർന്ന നേതാക്കൾക്ക് വളരെധികം സമയം മഴയത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നവംബർ 1 ന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ജനസമൂഹം രാംലീലയിലേക്ക് എത്തും. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
മറ്റന്നാളത്തെ ജനപങ്കാളിത്തം എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും.
വൈകിട്ട് 4 മണിക്ക് നടപടികൾ തുടങ്ങും. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും.
എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും.
പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.
പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. ഈ നിലയിലാകും പരിപാടി നടക്കുക.
അതേസമയം, നവംബർ ഒന്നിലെ മഹാറാലി, ദീപാവലി സീസൺ പ്രമാണിച്ച് തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിൽ ദില്ലിയിലെ വ്യാപാരികൾ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യ നേതാക്കൾക്ക് വ്യാപാരികൾ ഇന്ന് കത്തയച്ചു.
മമത ബാനർജിക്കും അഖിലേഷ് യാദവിനുമടക്കം വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചിട്ടുണ്ട്. വ്യാപാരം ബാധിക്കപ്പെടുമെന്നതിനാൽ മഹാറാലി മാറ്റണമെന്നാണ് ആവശ്യം.
രാഹുൽ ഗാന്ധിക്ക് വ്യാപാരികൾ നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും റാലി മാറ്റാനാകില്ലെന്നായിരുന്നു മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

