ബാങ്കിൽ അക്കൗണ്ടുള്ള ഒരാളുടെ വിയോഗത്തിന് ശേഷം ആ അക്കൗണ്ടിലെ നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, ലോക്കറുകൾ എന്നിവയുടെ യഥാർത്ഥ അവകാശം സംബന്ധിച്ച് പലരിലും സംശയങ്ങളുണ്ടാകാറുണ്ട്. അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ ‘നോമിനി’യുടെ വിവരങ്ങൾ നൽകുക പതിവാണ്.
എന്നാൽ നോമിനി എന്ന് രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ആ വ്യക്തി പണത്തിന്റെ പൂർണ്ണ അവകാശിയായി മാറുന്നുണ്ടോ? നോമിനി ഇല്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ എന്ത് നടപടിക്രമങ്ങളാണ് ഉള്ളത്? ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ അവകാശി ആരാണ്? ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരാൾ മരണപ്പെട്ടാൽ അയാളുടെ ബാങ്ക് അക്കൗണ്ടിലുള്ള തുക കുടുംബാംഗങ്ങൾക്ക് നേരിട്ട് അവകാശപ്പെടാൻ സാധിക്കില്ല.
ബാങ്കുകൾ തുക നേരിട്ട് കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമില്ല. ആദ്യം തന്നെ അക്കൗണ്ട് ഉടമയുടെ മരണവിവരം ബാങ്കിനെ ഔദ്യോഗികമായി അറിയിക്കുകയും മരണസർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ സമർപ്പിക്കുകയും വേണം.
നോമിനിയോ അല്ലെങ്കിൽ നിയമപരമായ അവകാശികൾക്കോ ആണ് സാധാരണയായി ബാങ്ക് തുക കൈമാറുന്നത്. നോമിനി നിലവിലുള്ള അക്കൗണ്ടുകളിൽ നടപടിക്രമങ്ങൾ വളരെ ലളിതമാണ്.
മുമ്പ് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെ മാത്രമേ നോമിനിയായി ചേർക്കാൻ സാധിച്ചിരുന്നുള്ളൂവെങ്കിൽ, പുതിയ ചട്ടപ്രകാരം നാല് പേരെ വരെ നോമിനികളായി നിശ്ചയിക്കാനുള്ള സൗകര്യമുണ്ട്. അക്കൗണ്ട് ഉടമയുടെ മരണശേഷം ഈ നാലുപേർക്കും എത്ര ശതമാനം വീതം തുക വീതിച്ചു നൽകണമെന്ന് ഉടമയ്ക്ക് മുൻകൂട്ടി തീരുമാനിക്കാം.
അതല്ലെങ്കിൽ ആദ്യത്തെ നോമിനിയുടെ അഭാവത്തിൽ രണ്ടാമത്തെയാൾക്കും ആ ക്രമത്തിൽ അടുത്തയാൾക്കും തുക ലഭിക്കുന്ന രീതിയിലും ക്രമീകരിക്കാം. സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, ആർഡി, ബാങ്ക് ലോക്കർ എന്നിവയിലെല്ലാം ഈ നോമിനേഷൻ സൗകര്യം ലഭ്യമാണ്.
എന്നാൽ ലോക്കറുകളുടെ കാര്യത്തിൽ ഒരാളുടെ അഭാവത്തിൽ മറ്റൊരാൾ എന്ന ക്രമമാണ് സാധാരണയായി ബാങ്കുകൾ സ്വീകരിക്കുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം തുക കൈമാറണമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശം.
ബാങ്ക് അക്കൗണ്ടിൽ നോമിനി ഇല്ലാത്ത സാഹചര്യമാണെങ്കിൽ, അക്കൗണ്ട് ഉടമയുടെ കാലശേഷം ആ തുക നിയമപരമായ അവകാശികൾക്കാണ് ലഭിക്കുക. ഇതിനായി യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ബാങ്കിൽ അപേക്ഷ നൽകണം.
തഹസിൽദാറോ കോടതിയോ ആണ് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നത്. വില്ലേജ് ഓഫിസറുടെ അന്വേഷണത്തിന് ശേഷം അപേക്ഷാ വിവരങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങൾ അറിയിക്കാൻ ഒരു മാസത്തെ സാവകാശം നൽകുകയും ചെയ്യും.
ഇതിനുശേഷമാണ് തഹസിൽദാർ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും സഹിതം ബാങ്കിനെ സമീപിച്ചാൽ മാത്രമേ തുക അനുവദിക്കുകയുള്ളൂ.
അക്കൗണ്ടിൽ വലിയ തുകയുണ്ടെങ്കിൽ സിവിൽ കോടതിയിൽ നിന്നുള്ള സക്സഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. നോമിനി ഇല്ലാത്ത പക്ഷം പണം വീണ്ടെടുക്കാൻ വലിയ കാലതാമസവും സങ്കീർണ്ണമായ നടപടികളും നേരിടേണ്ടി വരുമെന്ന് ഫെഡറൽ ബാങ്ക് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് വിദഗ്ധനുമായ കെ.എ.
ബാബു വ്യക്തമാക്കുന്നു. വ്യക്തിഗതമോ ജോയിന്റ് അക്കൗണ്ടോ ആകട്ടെ, അക്കൗണ്ട് ഉടമ ജീവിച്ചിരിക്കുന്ന കാലത്തോളം എപ്പോൾ വേണമെങ്കിലും നോമിനിയെ മാറ്റാനോ പുതിയൊരാളുടെ പേര് ഉൾപ്പെടുത്താനോ സാധിക്കും.
അക്കൗണ്ട് തുടങ്ങുമ്പോൾ നോമിനിയെ ചേർക്കാത്തവർക്ക് പിന്നീട് എപ്പോൾ വേണമെങ്കിലും ആ സൗകര്യം പ്രയോജനപ്പെടുത്താം. ബാങ്ക് അക്കൗണ്ടിൽ അവസാനമായി ഇടപാട് നടത്തിയത് മുതൽ 10 വർഷം വരെ ആ പണം സുരക്ഷിതമായി ബാങ്കിൽ ഉണ്ടാകും.
ഈ കാലയളവിൽ ഉടമയോ അവകാശികളോ തുക ക്ലെയിം ചെയ്യാൻ എത്തിയില്ലെങ്കിൽ ആ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ് ഫണ്ടിലേക്ക് (ഡിഇഎഎഫ്) മാറ്റും. ഇടപാടുകാർക്കിടയിൽ സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കാനാണ് ആർബിഐ ഈ ഫണ്ട് ഉപയോഗിക്കുന്നത്.
പണം ഡിഇഎഎഫിലേക്ക് മാറ്റിയാലും അക്കൗണ്ട് ബാങ്കിൽ തുടരും. നോമിനിക്കോ യഥാർത്ഥ അവകാശികൾക്കോ പിന്നീട് ആവശ്യമായ രേഖകളുമായി എത്തിയാൽ ഈ തുക തിരികെ കൈപ്പടമാവുന്നതാണ്.
ഉടമയുടെ കാലശേഷവും അക്കൗണ്ടിലെ പണം ഒരിക്കലും നഷ്ടപ്പെടില്ല. നിലവിൽ ക്ലെയിം ചെയ്യപ്പെടാത്ത ഒരു ലക്ഷം കോടിയിലധികം രൂപയാണ് ആർബിഐയുടെ ഡിഇഎഎഫ് അക്കൗണ്ടിൽ ഉള്ളത്.
ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ ആർബിഐയുടെയും ബന്ധപ്പെട്ട ബാങ്കുകളുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്.
സേവിംഗ്സ് അക്കൗണ്ടുകളിൽ തുടർച്ചയായി രണ്ട് വർഷത്തോളം യാതൊരുവിധ ഇടപാടുകളും നടന്നിട്ടില്ലെങ്കിൽ ആ അക്കൗണ്ട് ഇൻ-ഓപ്പറേറ്റീവ് അല്ലെങ്കിൽ ഇൻ-ആക്ടീവ് അവസ്ഥയിലേക്ക് മാറും. അത്തരം അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്നതിനും പണം പിൻവലിക്കുന്നതിനും ബാങ്കിൽ കെവൈസി അപ്ഡേഷൻ പൂർത്തിയാക്കിയാൽ മതിയാകും.
ഇതിനായി യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

