നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികൾ കർശനമായി പരിശോധിച്ച് ജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനുള്ള തിരുത്തൽ നടപടികളിലേക്ക് സിപിഎം കടക്കുന്നു.
ഇതിന്റെ ഭാഗമായുള്ള വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന പാർട്ടി നേതാവ് പാലോളി മുഹമ്മദ് കുട്ടി സമ്മേളന പ്രതിനിധികളുടെ മുദ്രാവാക്യവിളികളുടെ അകമ്പടിയോടെ ജില്ലാ കമ്മിറ്റി ഓഫിസ് അങ്കണത്തിലെ എകെജി ഹാളിനു മുന്നിൽ പതാക ഉയർത്തി.
തുടർന്ന് നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകളിലാണ് പാർട്ടിയുടെ ഭാവി ദിശയും തിരുത്തൽ നടപടികളും സംബന്ധിച്ച വിലയിരുത്തലുകൾ തുടങ്ങിയത്.
സംസ്ഥാന സമിതി അംഗീകരിച്ച തിരുത്തൽ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഈ രേഖ. തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള നിർണ്ണായക ചർച്ചകളാണു യോഗത്തിൽ നടക്കുന്നത്.
ചർച്ചകൾ വ്യക്തികേന്ദ്രീകൃതമാകാതിരിക്കാൻ നേതൃത്വം പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തുറന്നുകാട്ടുന്ന ഗൗരവമേറിയ സ്വയംവിമർശനങ്ങൾ അടങ്ങിയ രേഖയാണ് യോഗം ചർച്ച ചെയ്യുന്നത്.
പാർട്ടി കേഡർമാരിൽ വലിയൊരു വിഭാഗം സജീവമല്ലാതിരിക്കുന്നതു ചർച്ചാ രേഖ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മകത ചോർന്നുപോയെന്നും വിലയിരുത്തലുണ്ട്.
അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനകീയ അടിത്തറ നഷ്ടപ്പെടുമെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സമിതി യോഗത്തിന് ശേഷം ജില്ലകളിൽ രണ്ടു ദിവസത്തെ വിശാല ജില്ലാ സമിതി യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കും.
തുടർന്ന് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്കും ഈ നിർദ്ദേശങ്ങൾ കൈമാറും. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു, മഹിളാ അസോസിയേഷൻ തുടങ്ങിയ വർഗ-ബഹുജന സംഘടനകളുടെ പ്രമുഖ ഭാരവാഹികൾ ഉൾപ്പെടെ ആകെ 307 പ്രതിനിധികളാണ് ഈ വിശാല യോഗത്തിലുള്ളത്. കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർക്ക് പുറമെ, കെ.ബാലകൃഷ്ണൻ, ബി.വി.രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു.വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ കൂടി നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഈ മാസം 13, 14, 15 തീയതികളിൽ നടക്കുന്ന സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ലക്ഷക്കണക്കിനാളുകൾ അണിനിരക്കുന്ന റാലിയോടെ സമാപിക്കും. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

