സംസ്ഥാനത്തെ സർക്കാർ ലോ കോളജുകളിലെ അധ്യാപക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്നു. ഗവ.
ലോ കോളജുകളിലേക്കുള്ള 35 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ കൈമാറി. കോഴിക്കോട് ലോ കോളജിലെ വിദ്യാർഥിനി പുതുയുഗയാത്രയ്ക്കിടയിൽ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.ഡി.
സതീശനു മുന്നിൽ ഉന്നയിച്ച പരാതിയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ‘ഗവ.
ലോ കോളജുകളിൽ പ്രിൻസിപ്പൽമാരും പഠിപ്പിക്കാൻ അധ്യാപകരുമില്ല. നിയമപഠനത്തിന്റെ പ്രാധാന്യം സാറിന് പറഞ്ഞുതരേണ്ട
കാര്യമില്ലല്ലോ?’ എന്നായിരുന്നു അന്ന് വിദ്യാർഥിനി ചോദിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റംകൊണ്ടുവരുമെന്ന് അന്ന് അദ്ദേഹം നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
നിയമ വിദ്യാഭ്യാസത്തിനായി ഡയറക്ടറേറ്റ്, നിയമ സർവകലാശാല എന്നിവ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയുടെ ഭാഗമായി വിദഗ്ധരെ നിയോഗിച്ച് ആഗോളതലത്തിലുള്ള തൊഴിൽ മാറ്റങ്ങൾ പഠനവിധേയമാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ കരിക്കുലത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി പുതിയ പ്രോഗ്രാമുകൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അധ്യക്ഷത വഹിച്ചു.
പിഎസ്സി പരീക്ഷയിലൂടെ റാങ്ക് ലിസ്റ്റിൽ ഇടംനേടിയ മുഴുവൻ അർഹരായ ഉദ്യോഗാർത്ഥികൾക്കും സമയബന്ധിതമായി നിയമന ഉത്തരവ് ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, ജോയിന്റ് സെക്രട്ടറി എം.നിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചടങ്ങിൽ സവിശേഷമായ സാന്നിധ്യങ്ങളും ശ്രദ്ധേയമായി. മുൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുഖ്യമന്ത്രിയുടെ ലോ കോളജിലെ സഹപാഠിയും തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലറുമായ ആർ.സതീഷ് കുമാർ എന്നിവർ തങ്ങളുടെ മക്കൾക്ക് നിയമന ഉത്തരവ് ലഭിക്കുന്നത് കാണാൻ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

