മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ അമോലപഥ മേഖലയിൽ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്കൂളുകൾക്കും ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യവില്പന ശാലയ്ക്കെതിരെ നാട്ടുകാരായ സ്ത്രീകൾ ഏറെനാളായി പ്രതിഷേധത്തിലായിരുന്നു.
എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തമാക്കുകയായിരുന്നു. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണമുണ്ടായി.
മദ്യശാലയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ മദ്യക്കുപ്പികളും പെട്ടികളും പുറത്തേക്ക് കടത്തുകയും റോഡിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തിയതോടെ പ്രതിഷേധക്കാർ അക്രമത്തിലേക്ക് തിരിയുകയായിരുന്നു.
സ്ഥലത്തുനിന്ന് പിന്മാറിയ ഉദ്യോഗസ്ഥരെയും സ്ത്രീകൾ പിന്തുടർന്ന് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രദേശത്തെ മദ്യവിൽപ്പന കുടുംബങ്ങളുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും സമാധാനം കെടുത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന വാദം.
സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് 21 പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് മദ്യവില്പനശാലയുടെ ഉടമകൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

