കാനഡയിലെ സറെയിൽ വാടകക്കാരുമായി ഉണ്ടായ കനത്ത തർക്കത്തെ തുടർന്ന് ഇന്ത്യൻ വംശജയായ വീട്ടുടമ രാജ് തിവാനയെ പോലീസ് അറസ്റ്റ് ചെയ്തു. വാടകക്കാരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് സംഭവവികാസങ്ങൾ പുറംലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
അനുമതിയില്ലാതെ വാടകവീട്ടിൽ പ്രവേശിക്കുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തുവെന്നാണ് വാടകക്കാരന്റെ പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട
നിരവധി വീഡിയോകൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് ബാർബിക്യൂ ഉപയോഗിച്ച് ബീഫ് പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് ഈ സംഭവങ്ങളുടെ തുടക്കം.
വാടകക്കാരൻ ഗ്രില്ലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ രാജ് തിവാന അവിടെയെത്തുകയും, ഒരു മരക്കഷ്ണം ഉപയോഗിച്ച് ഭക്ഷണം തട്ടിക്കളയാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
താൻ പൊലീസിനെ വിളിക്കുമെന്ന് വീട്ടുടമ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, വാടകക്കാർ തങ്ങളുടെ വീട് നശിപ്പിക്കുകയാണെന്ന് സ്ത്രീ ആരോപിക്കുന്നതും വീഡിയോയിൽ കേൾക്കാം.
എന്നാൽ പിന്നീട് പുറത്തുവന്ന മറ്റൊരു വീഡിയോയിലാണ് തർക്കം കൂടുതൽ ഗുരുതരമായ തലത്തിലേക്ക് എത്തിയത്. രാജ് തിവാന വാടകക്കാരന്റെ താമസസ്ഥലത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതായും, തുടർന്ന് കല്ലുകൾ എറിഞ്ഞതായും വാടകക്കാരൻ ആരോപിക്കുന്നു.
വീട്ടിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്ന വാടകക്കാരനുമായി അവർ വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നീട് സംഘർഷമുണ്ടായതും വീഡിയോയിലുണ്ട്. ബാർബിക്യൂ തർക്കത്തിന് പുറമെ, വീടിന്റെ ലോക്ക് മാറ്റിയതും, വാടകവീട്ടിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതും, വാതിൽ നീക്കം ചെയ്തതുമുൾപ്പെടെയുള്ള ഗുരുതരമായ കാര്യങ്ങളും വാടകക്കാരന്റെ ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
എങ്കിലും ഈ ആരോപണങ്ങളുടെ മുഴുവൻ പശ്ചാത്തലവും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് ഇടപെടുകയും രാജ് തിവാനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കനേഡിയൻ പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

