പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബെവറേജ് ഔട്ട്ലെറ്റിന് മുന്നിൽ സാമൂഹ്യവിരുദ്ധരുടെ പരസ്യമായ അക്രമം. മദ്യം വാങ്ങാനെത്തിയ വയോധികനെ ലഹരിക്കടിമപ്പെട്ട
യുവാക്കളുടെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചു അവശനാക്കുകയാണുണ്ടായത്. സ്ഥലത്ത് മദ്യം വാങ്ങാനായി എത്തിയ നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ഈ കയ്യേറ്റം.
എന്നാൽ, അക്രമികളെ ഭയന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്ലെറ്റിന് മുന്നിലെത്തുന്നവരിൽ നിന്നും പതിവായി ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുന്നതും, പണം നൽകാൻ വിസമ്മതിക്കുന്നവരെ ഉപദ്രവിക്കുന്നതും പ്രദേശത്ത് പതിവായിരിക്കുകയാണ്.
സാമൂഹ്യവിരുദ്ധരുടെ ശല്യം അതിരൂക്ഷമായതോടെ സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭയപ്പാടോടെയാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഔട്ട്ലെറ്റിന് മുൻവശം നിരന്തരം അരങ്ങേറുന്ന ഇത്തരം അക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്.
പൊതുജനങ്ങൾക്ക് ഭയരഹിതമായി സഞ്ചരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമമായും ഇടപെടേണ്ടത് അനിവാര്യമാണെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ബെവ്കോ ഔട്ട്ലെറ്റിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും, ഗുണ്ടാസംഘങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തി കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

