തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. നഗരത്തിലെ പ്രധാന മേഖലകളായ കിഴക്കേക്കോട്ട
ബസ് സ്റ്റാൻഡ്, പഴവങ്ങാടി, തമ്പാനൂർ, ചാക്ക എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകൾ മാലിന്യം മൂടി അടഞ്ഞുപോയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ വെള്ളം മുട്ടിന് മുകളിലേക്ക് ഉയർന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. യാത്രക്കാർക്ക് നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് കിഴക്കേക്കോട്ടയിൽ ഉണ്ടായത്.
ഓടകളും തോടുകളും വൃത്തിയാക്കുന്നതിനായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പൂർണമായും പാളി എന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. ഒരു ദിവസത്തെ മഴയിൽ തന്നെ തലസ്ഥാനം ഇത്രത്തോളം ദുരിതത്തിലാകുന്നുവെങ്കിൽ, വരാനിരിക്കുന്ന കാലവർഷക്കാലത്ത് അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അടിയന്തരമായി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ നഗരം വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

