മുംബൈയിലെ ഒരു ചോളിൽ (Chawl) ഒരു രാത്രി ചെലവഴിച്ച അനുഭവം തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണ്ണമായും മാറ്റിമറിച്ചെന്ന് വ്യക്തമാക്കി ഒരു യുവാവ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏറെ വൈകിയെത്തിയതിനെത്തുടർന്നാണ് അത്തരമൊരു ഇടുങ്ങിയ സാഹചര്യത്തിൽ അന്ന് രാത്രി കഴിയേണ്ടി വന്നത്.
ജീവിതത്തിൽ ആദ്യമായി ചോളിലെ യാഥാർത്ഥ്യങ്ങൾ നേരിട്ടറിഞ്ഞ ആ രാത്രിയുടെ അനുഭവവെളിച്ചത്തിൽ ഇനി ജീവിതത്തിൽ ഒരിക്കലും താൻ പരാതിപ്പെടില്ലെന്നാണ് യുവാവ് തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന മൂന്നോ അഞ്ചോ നിലകളുള്ള കെട്ടിടങ്ങളും, പൊതു ശൗച്യാലയ സൗകര്യങ്ങളുമുള്ള മുംബൈയിലെ ചോൾ സംസ്കാരം തികച്ചും വ്യത്യസ്തമായ ഒന്നാണ്.
വളരെ ചെറിയ ഒറ്റമുറിയിൽ അഞ്ചോ ആറോ പേർ ഒരുമിച്ച് അന്തിയുറങ്ങുന്നതും, രാപ്പകലില്ലാതെ അന്തരീക്ഷത്തിൽ മുഴങ്ങിനിൽക്കുന്ന ബഹളങ്ങളും, സ്വകാര്യതയുടെ പൂർണ്ണമായ അഭാവവുമാണ് അവിടെയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ, ഏറ്റവും പ്രയാസകരമായ സാഹചര്യം നേരിടേണ്ടിവന്നത് പിറ്റേന്ന് രാവിലെയായിരുന്നു.
സ്വന്തമായി ശുചിമുറിയില്ലാത്തതിനാൽ പൊതുശുചിമുറി ഉപയോഗിക്കുന്നതിനായി ബക്കറ്റുകളുമായി പത്തോളം പേർ വരിനിന്ന നീണ്ട ക്യൂവിലേക്ക് ഇറങ്ങിച്ചെല്ലാൻ ധൈര്യം പോരാഞ്ഞതിനാൽ തനിക്ക് ശുചിമുറി ഉപയോഗിക്കാതെ തന്നെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അവിടെയുള്ള സാധാരണക്കാരുടെ മനസ്സാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരിമിത സാഹചര്യങ്ങൾക്കിടയിലും പുഞ്ചിരിയോടെ ജീവിക്കുന്നവരാണ് അവിടുള്ളവർ.
ആധുനിക ഫ്ലാറ്റുകളിൽ താമസിക്കുന്നവരേക്കാൾ പരസ്പരം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കാനും ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങകാനും ചോളിലെ മനുഷ്യർ തയ്യാറാകുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഉയർന്ന ഭൂവിലയും വാടകയും കാരണം മുംബൈയുടെ വ്യാവസായിക വളർച്ചാ ഘട്ടത്തിൽ രൂപംകൊണ്ട
ഈ ചോളുകൾ ഇന്നും ആയിരക്കണക്കിന് സാധാരണക്കാർക്ക് വലിയൊരു ആശ്രയമാണ്. ഈ അനുഭവം മുംബൈ നഗരത്തിലെ സാമ്പത്തിക അസമത്വങ്ങളെയും ജീവിത സാഹചര്യങ്ങളിലെ വലിയ അന്തിരങ്ങളെയുമാണ് വീണ്ടും പൊതുചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്.
കുറിപ്പ് വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേരാണ് ചോളിലെ തങ്ങളുടെ പഴയകാല അനുഭവങ്ങളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

