ലാവോസിലെ സെയ്സോംബൂൺ പ്രവിശ്യയിൽ ഗുഹയിൽ കുടുങ്ങിയ ഏഴ് ഗ്രാമീണരിൽ അഞ്ച് പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സ്വർണം തേടി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ച ഇവർ, പെട്ടെന്നുണ്ടായ ശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെടുകയായിരുന്നു.
മെയ് 20-നാണ് ഇവർ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. പത്ത് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് അഞ്ച് പേരെയും രക്ഷപ്പെടുത്താൻ സാധിച്ചത്.
വെള്ളിയാഴ്ച ഒരാളെയും തുടർന്ന് മറ്റ് നാല് പേരെയും രക്ഷാസംഘം പുറത്തെത്തിച്ചു. ഗുഹാമുഖത്തുനിന്ന് 300 മീറ്റർ താഴ്ചയിൽ, ചെളിയിൽ പുതഞ്ഞ് അവശനിലയിലായിരുന്നു ഇവർ കണ്ടെത്തിയത്.
മെയ് ഇരുപത്തിയേഴാം തീയതിയാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്. വളരെ ഇടുങ്ങിയതും ഇരുൾ നിറഞ്ഞതുമായ ഗുഹാപാതകളിലൂടെയുള്ള രക്ഷാദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
പലയിടങ്ങളിലും ഓക്സിജൻ ടാങ്കുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അഴിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തകർ മുന്നോട്ട് നീങ്ങിയത്. ഈ ദൗത്യത്തിൽ 2018-ൽ തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷപ്പെടുത്തിയ വിദഗ്ധരും പങ്കാളികളായി.
അവരുടെ അനുഭവസമ്പത്ത് നിർണ്ണായകമായി മാറി. രക്ഷപ്പെട്ട
അഞ്ച് പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, വിദഗ്ധ പരിശോധനകൾക്കായി ഇവരെ മാറ്റിയതായും അധികൃതർ അറിയിച്ചു. അതേസമയം, സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
ഗുഹയിലെ കൊടും തണുപ്പിനെ അതിജീവിച്ച് ഇവർ സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും ബന്ധുക്കളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

