സംസ്ഥാനത്തെ സുപ്രധാന തടവറകളിലൊന്നായ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഡ്രോൺ നിരീക്ഷണ സംവിധാനത്തിലേക്ക് മാറുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു ജയിലിൽ ഇത്തരത്തിലുള്ള നൂതന എഐ സാങ്കേതികവിദ്യ സുരക്ഷക്കായി നടപ്പിലാക്കുന്നത്.
സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. ഡ്രോൺ സജ്ജമാക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജയിൽ ക്യാമ്പസിൽ അന്തേവാസികൾ കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ എഐ ക്യാമറകൾ അത് തൽക്ഷണം തിരിച്ചറിഞ്ഞ് കൺട്രോൾ റൂമിലേക്ക് അലാറം സന്ദേശം അയക്കും. ജയിലിന്റെ ഏതെങ്കിലും ഭാഗത്ത് ആരെങ്കിലും ഒളിഞ്ഞിരിക്കാൻ ശ്രമിച്ചാൽ, മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ സഹിതം കൃത്യമായ വിവരം കൺട്രോൾ റൂമിൽ ലഭ്യമാകും വിധമാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കൺട്രോൾ റൂമിലെ ഒരു പ്രത്യേക ബട്ടൺ അമർത്തിയാൽ ഡ്രോൺ സ്വയം പ്രവർത്തനക്ഷമമായി ഉയരുകയും മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെ ജയിൽ പരിസരം മുഴുവൻ നിരീക്ഷിച്ച് തത്സമയ ദൃശ്യങ്ങൾ കൈമാറുകയും ചെയ്യും. അന്തേവാസികൾക്ക് ഇതിന്റെ പ്രവർത്തനം തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ജയിൽചാട്ട ശ്രമങ്ങൾ, നിരോധിത ലഹരി വസ്തുക്കളോ മറ്റ് സാധനങ്ങളോ കടത്താനുള്ള നീക്കങ്ങൾ, മതിലുകൾക്കും മരങ്ങൾക്ക് മുകളിലൂടെയുള്ള അനധികൃത നുഴഞ്ഞുകയറ്റങ്ങൾ എന്നിവ അതിവേഗം കണ്ടെത്താനും തക്കസമയത്ത് പ്രതികരിക്കാനും ഈ സാങ്കേതികവിദ്യ ഏറെ സഹായകരമാകും.
കൊച്ചി ആസ്ഥാനമായി ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് എയ്റോ സ്പേസ് ആൻഡ് റോബട്ടിക് ഇന്നവേഷൻസ് ആണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എസ്പിസി വിദ്യാർഥികളെ ഉൾപ്പെടുത്തി ജയിൽ വകുപ്പിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളും ഓറിയന്റേഷൻ പരിപാടികളും ഭാവിയിൽ സംഘടിപ്പിക്കും.
ഔദ്യോഗികമായി അംഗീകൃത വ്യക്തികളെ തിരിച്ചറിയൽ, അനധികൃത പ്രവേശനം തടയൽ, സംശയകരമായ സാഹചര്യങ്ങളിൽ കാണപ്പെടുന്നവരുടെ ചലനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുക തുടങ്ങിയ സവിശേഷതകളും ഈ സംവിധാനത്തിലുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടാൽ സർക്കാരിന്റെ അന്തിമ തീരുമാനപ്രകാരം പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കി.
ചടങ്ങിൽ ഡിഐജി എസ്.സജീവ് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

